തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സി.എം.ആര്.എല്‍- എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മകള്‍ വീണയും മരുമകനും എം.എല്‍.എയുമായ മുഹമ്മദ് റിയാസുമടക്കം നല്കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ കെ.എം. നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.’നാല് അപ്പീലുകളും ഫയലില്‍ സ്വീകരിക്കുന്നു. തല്‍ഫലമായി ചോദ്യം ചെയ്യപ്പെടുന്ന ഈ കോടതിയിലെ സിംഗിള്‍ ബെഞ്ചിന്റെ വിധി അടുത്ത വാദം കേള്‍ക്കുന്ന തീയതി വരെ സ്റ്റേ ചെയ്യുന്നു. എഫ്.ഐ.ആറിലുള്ള തുടര്‍ അന്വേഷണം അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കുന്നു;-കോടതി വ്യക്തമാക്കി. പിണറായി അടക്കമുള്ളവരെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ഹരിഹരന് വാദിച്ചു.
അഴിമതി നിരോധന നിയമപ്രകാരം നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. വീണയുടെ കമ്പനി സേവനങ്ങള്‍ നല്‍കിയതിനാണ് തുക ലഭിച്ചത്. ആ പണം പിണറായി വിജയന്റെയോ മുഹമ്മദ് റിയാസിന്റെയോ കൈകളില്‍ എത്തിയതിനു യാതൊരു തെളിവുമില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചു.
