ന്യൂഡൽഹി: നടൻ സൽമാൻ ഖാന്റെ ഹർജി മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ‘കാലാ ഹിരൺ – ദി ബാറ്റിൽ ഫോർ ലെഗസി’ എന്ന നിർദിഷ്ട സിനിമയുടെ നിർമാതാവ് സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സൽമാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതിക്ക് പ്രദേശിക അധികാരപരിധിയില്ലെന്നാണ് നിർമാതാവിന്റെ വാദം.നിർമാതാവ് അമിത് ജാനി സമർപ്പിച്ച അപേക്ഷയിൽ ജസ്റ്റിസ് കിരിയാസ് കാരിയ സൽമാൻ ഖാന്റെ മറുപടി തേടി. സിവിൽ നടപടിച്ചട്ടത്തിലെ ഓർഡർ ഏഴ് റൂൾ 10, സെക്ഷൻ 151 എന്നിവ പ്രകാരമാണ് അപേക്ഷ നൽകിയിരിക്കുന്നത്.1998-ലെ കൃഷ്ണമൃഗ വേട്ടക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.സൽമാൻ ഖാനോ കേസിലെ പ്രതിഭാഗങ്ങളോ ഡൽഹിയുടെ പ്രദേശിക അധികാരപരിധിക്കുള്ളിൽ താമസിക്കുകയോ ബിസിനസ് നടത്തുകയോ ചെയ്യുന്നില്ലെന്ന് അമിത് ജാനി വാദിച്ചു. സിനിമയുടെ ടീസറുകളും പോസ്റ്ററുകളും അനുബന്ധ പ്രസിദ്ധീകരണങ്ങളും രാജ്യത്തുടനീളം, ഡൽഹിയിലും, ലഭ്യമാണെന്നത് മാത്രം ഹൈക്കോടതിക്ക് അധികാരപരിധി നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സൽമാൻ ഖാൻ മുംബൈയിലാണ് താമസിക്കുന്നതെന്നും പ്രതിഭാഗങ്ങൾ ഉത്തർപ്രദേശിലെ മീററ്റിലാണ് താമസിക്കുന്നതോ ബിസിനസ് നടത്തുന്നതോ എന്നും അപേക്ഷയിൽ പറയുന്നു. സിനിമയോ അതിന്റെ പ്രചാരണ സാമഗ്രികളോ ഡൽഹിയിലെ പ്രേക്ഷകരെ പ്രത്യേകം ലക്ഷ്യമിട്ടതായി ഹർജിയിൽ പരാമർശമില്ലെന്നും ഡൽഹിയിൽ സൽമാൻ ഖാന് പ്രത്യേകമായി എന്തെങ്കിലും നഷ്ടമുണ്ടായതായി വ്യക്തമാക്കിയിട്ടില്ലെന്നും നിർമാതാവ് വാദിച്ചു.സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യത്തെയും നിർമാതാവ് എതിർത്തു. പൂർത്തിയായ ഒരു സിനിമയുടെ റിലീസ് തടയുന്നത് അസാധാരണമായ നടപടിയാണെന്നും ചെറിയൊരു ടീസർ മാത്രം കണ്ട് ചിത്രത്തിന്റെ പശ്ചാത്തലവും മൊത്തത്തിലുള്ള സ്വാധീനവും വിലയിരുത്താനാകില്ലെന്നും അദ്ദേഹം വാദിച്ചു.ഇതേ തർക്കം പരിഗണനയിലുള്ള മറ്റൊരു കേസിൽ നേരത്തേ തന്നെ നിലനിൽക്കുന്നതിനാൽ സൽമാൻ ഖാന്റെ ഹർജിയിൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് നേരത്തേയും കോടതിയെ സമീപിച്ചിരുന്നു. ഇതിലും ഈ ആഴ്ച ആദ്യം കോടതി നോട്ടീസ് അയച്ചിരുന്നു.ഒരേ സിനിമയെയും പ്രചാരണ സാമഗ്രികളെയും സൽമാൻ ഖാന്റെ വ്യക്തിത്വാവകാശങ്ങൾ അഥവാ പബ്ലിസിറ്റി അവകാശങ്ങൾ ലംഘിച്ചെന്ന ആരോപണത്തെയും ചുറ്റിപ്പറ്റി സമാന്തരമായി രണ്ട് കേസുകൾ മുന്നോട്ടുപോകുകയാണെന്നാണ് നിർമാതാവിന്റെ വാദം.സൽമാൻ ഖാനുവേണ്ടി മുതിർന്ന അഭിഭാഷകൻ രവി പ്രകാശിന്റെ നേതൃത്വത്തിൽ നിസാം പാഷ, പരാഗ് ഖന്ധാർ, ചന്ദ്രിമ മിത്ര, തപൻ രാഡ്കർ, കൃഷ്ണൻ കുമാർ, സാറ ധൻബൂറ, ചാരു ശർമ എന്നിവർ ഹാജരായി. നിർമാതാവിനുവേണ്ടി അഭിഭാഷകരായ പുൽകിത് അഗർവാളും അനുഭവ് ലാംബയും ഹാജരായി.സിനിമയുടെ ഉള്ളടക്കത്തിന് സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ചിത്രം റിലീസിന് തയ്യാറായിട്ടില്ലെന്ന് നിർമാതാവ് കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു.
സൽമാൻ ഖാന്റെ സിനിമയ്ക്കെതിരായ ഹർജി ചോദ്യം ചെയ്ത് നിർമാതാവ്; ഹൈക്കോടതി നോട്ടീസ്
