കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് ഹൈക്കോടതി

അഹമ്മദാബാദ്: 2002-ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ ഒരാളായ രാധേശ്യാം ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരാഴ്ചത്തെ പരോൾ അനുവദിച്ചു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കറുടെ ബെഞ്ച് ഏഴ് ദിവസത്തെ പരോൾ ഉത്തരവിട്ടത്.ഹരജിയിലെ വാദങ്ങളും ജയിൽ അധികൃതരുടെ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് കോടതി പറഞ്ഞു. ഹരജിക്കാരന്റെ അപേക്ഷയിലെ കാരണങ്ങളും ജയിൽ രേഖകളും പരിശോധിച്ചാണ് അനുകൂലമായ വിവേചനാധികാരം പ്രയോഗിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.കർശന വ്യവസ്ഥകളോടെയാണ് രാധേശ്യാം ഷായ്ക്ക് പരോൾ നൽകിയിരിക്കുന്നത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കണം. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്കാണ് പരോൾ അനുവദിച്ചിട്ടുള്ളത്. ഈ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണം. കൂടാതെ, പുറത്തിറങ്ങിയ ശേഷമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കവും ധനസമാഹരണത്തിനുള്ള ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് രാധേശ്യാം ഷാ പരോൾ തേടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കെ.ഡി പർമർ കോടതിയെ അറിയിച്ചു. 2025 ഡിസംബറിലാണ് ഇയാൾക്ക് അവസാനമായി പരോൾ ലഭിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.2002-ലെ ഗുജറാത്ത് വംശഹത്യക്കിടെ ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് രാധേശ്യാം ഷാ ഉൾപ്പെടെ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ആഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ഇവർക്ക് ശിക്ഷാ ഇളവ് നൽകി ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. തുടർന്ന് ബിൽക്കീസ് ബാനു നൽകിയ ഹരജിയിൽ 2024 ജനുവരിയിൽ സുപ്രിംകോടതി ഈ ശിക്ഷാ ഇളവ് റദ്ദാക്കുകയും എല്ലാ പ്രതികളോടും തിരികെ ജയിലിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും അത് മഹാരാഷ്ട്ര സർക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന വിധി. കോടതി ഉത്തരവിനെ തുടർന്ന് പ്രതികൾ വീണ്ടും ഗോധ്ര സബ് ജയിലിൽ എത്തുകയായിരുന്നു.നേരത്തെ, പ്രതികളുടെ അകാലമോചനത്തിനായുള്ള നിയമനടപടികളിൽ നിർണായക ഇടപെടൽ നടത്തിയത് രാധേശ്യാം ഷായായിരുന്നു. മോചന ഹരജി പരിഗണിക്കാൻ ഏത് സർക്കാരിനാണ് അധികാരമെന്നും ഏത് നയമാണ് ബാധകമാകുന്നതെന്നും ആരാഞ്ഞ് സുപ്രിംകോടതിയെ സമീപിച്ച ഏക പ്രതി ഇയാളായിരുന്നു. 2004-ൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഗോധ്ര കോടതിയിലും ലിംഖേഡ മജിസ്ട്രേറ്റ് കോടതിയിലും അഭിഭാഷകനായി ഇയാൾ പ്രാക്ടീസ് ചെയ്തിരുന്നു. 2008-ൽ മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടർന്ന് കുടുംബത്തോടൊപ്പം കഴിയാൻ ഗുജറാത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചതും രാധേശ്യാം ഷായായിരുന്നു. തുടർന്ന് 2009-ലാണ് മഹാരാഷ്ട്ര സർക്കാർ ഇയാളെ ഗുജറാത്ത് ജയിലിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *