അമിത് ഷായ്ക്കെതിരായ പരാമര്‍ശം: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയില്‍

തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടാണ് തൃണമൂല്‍ എം.പി കൂടിയായ അഭിഷേക് ബാനര്‍ജി ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുന്നില്‍ ഹര്‍ജി നല്‍കിയത്.കോടതി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അഭിഷേക് നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആസ്പദമായിരിക്കുന്നത്:അഭിഷേക് ബാനര്‍ജിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അമിത് ഷായ്‌ക്കെതിരെ പ്രകോപനപരവും അപകീര്‍ത്തികരവുമായ ഭാഷ ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു.ഈ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും ക്രമസമാധാന നില തകരുന്നതിനും കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി ബഗുയാതിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ രാജീവ് സര്‍ക്കാര്‍ ബിധാനഗര്‍ നോര്‍ത്ത് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് അഭിഷേകിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ഭയന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ ഈ കേസ് തൃണമൂല്‍-ബി.ജെ.പി പോര് കൂടുതല്‍ ശക്തമാക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച രാഷ്ട്രീയ പ്രേരിത കേസാണിതെന്ന് തൃണമൂല്‍ ക്യാമ്പ് ആരോപിക്കുന്നു. എന്നാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും പൊതുവേദിയില്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ബി.ജെ.പിയുടെ മറുപടി.മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ സുവേന്ദു അധികാരി, രാഷ്ട്രീയ വ്യത്യാസമില്ലാതെ പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുന്‍പ് തീര്‍പ്പാക്കാതെ കിടന്ന പരാതികള്‍ വീണ്ടും അന്വേഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍പുണ്ടായ തെരഞ്ഞെടുപ്പാനന്തര അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സി.ഐ.ഡി ശക്തമാക്കി. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 458 കേസുകളില്‍ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങളില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 181 പുതിയ എഫ്.ഐ.ആറുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *