ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

പട്യാല: പഞ്ചാബിലെ പട്യാല, മോഗ ജില്ലകളിലെ 50 മുനിസിപ്പല്‍ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി റദ്ദാക്കി. 6 ആഴ്ചയ്‌ക്കുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിലടക്കം ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിരമിച്ച ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന കമ്മിറ്റി പുതിയ തിരഞ്ഞെടുപ്പു പ്രക്രിയ നിരീക്ഷിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.2024 ഡിസംബറില്‍ നടന്ന തദ്‌ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടയുകയും ആക്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് സ്ഥാനാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി നിയമിച്ച വസ്തുതാന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും നാമനിര്‍ദ്ദേശ പത്രികകള്‍ തട്ടിയെടുക്കുകയും, നശിപ്പിക്കുകയും ചെയ്തതായും സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുകയോ, കസ്റ്റഡിയിലെടുക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തതായും വസ്തുതാന്വേഷണ കമ്മീഷന്‌റെ അന്വേഷണത്തില്‍ കണ്ടെത്തി.ഇനി നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിലയിരുത്തിയ ശേഷമേ ഫലം പ്രഖ്യാപിക്കാന്‍ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *