ശബരിമല സ്വര്‍ണക്കൊള്ള കേസ് : ഇ.ഡി അന്വേഷണത്തില്‍ ഹൈക്കോടതി ഇന്ന് തീരുമാനം അറിയിക്കും

ശബരിമല സ്വർണക്കൊള്ളക്കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്‍റെ (ഇ.ഡി.) അന്വേഷണം ഉണ്ടാകുമോ എന്നതില്‍ ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം നിർണായകമാകും.കേസിന്‍റെ എഫ്.ഐ.ആർ, അനുബന്ധ മൊഴികള്‍, മറ്റ് രേഖകള്‍ എന്നിവയുടെ പകർപ്പാണ് കേന്ദ്ര ഏജൻസി തേടിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും, വിശദമായ അന്വേഷണത്തിനായി കേസുകളുടെ രേഖകളും വിവരങ്ങളും അനിവാര്യമാണെന്നുമാണ് ഇ.ഡി.യുടെ വാദം.നേരത്തെ ഈ ആവശ്യമുന്നയിച്ച്‌ റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകള്‍ ഇ.ഡിക്ക് വിട്ടുനല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടാല്‍ അത് കേസിന്‍റെ ഗതിയില്‍ വഴിത്തിരിവാകും. കള്ളപ്പണ ഇടപാടുകള്‍ക്ക് സൂചന ലഭിച്ചാല്‍ കേസില്‍ ഇ.ഡി.യുടെ അന്വേഷണം ഉറപ്പാക്കാനാണ് സാധ്യത.സ്വർണക്കൊള്ള വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ചുമതലയേറ്റ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വിഷയത്തില്‍ നിലപാട് കടുപ്പിച്ചു. ശബരിമലയിലെ തെറ്റായ പ്രവണതകളില്‍ ശക്തമായ തിരുത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *