സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഹിരണ്‍ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നല്കാൻ ഹൈക്കോടതി നിർദേശം.കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പിസിസി നല്കാൻ റീജനല്‍ പാസ്പോർട്ട് ഓഫിസറോടാണ് കോടതി നിർദേശിച്ചത്. വിവിധ കേസുകളില്‍ പ്രതിയായതിനാല്‍ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാല്‍ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.ക്രിമിനല്‍ കേസ് നിലവിലുള്ള ഒരാള്‍ക്ക്, കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. അതേസമയം, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് വിദേശ യാത്രക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടന്.
വേടന് ആശ്വാസം; വിദേശയാത്രയ്ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നല്കാൻ ഹൈക്കോടതി നിര്‍ദേശം
