ചെക്ക് കേസില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ സമര്‍പ്പിച്ച വിവിധ ഹര്‍ജികളില്‍ മുംബൈ ദിന്ദോഷി സിറ്റി സിവില്‍ ആന്‍ഡ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.ദിനേശ് മേനോന്‍ നല്‍കിയ കേസില്‍ ബോറിവലി 43-ാം കോടതി വിധിച്ച ശിക്ഷയ്ക്കും ഉത്തരവുകള്‍ക്കുമെതിരെ സമര്‍പ്പിച്ച അപ്പീലുകളിലാണ് ജഡ്ജി പി.എ. സാനെ ഇന്ന് വിധി പ്രസ്താവിക്കുന്നത്.പ്രധാനമായും മൂന്ന് ആവശ്യങ്ങളുന്നയിച്ചാണ് കാപ്പന്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യം അനുവദിക്കുക, ഇടക്കാല നഷ്ടപരിഹാരമായി തുകയുടെ 20 ശതമാനം കെട്ടിവെക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുക, കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികള്‍ സസ്‌പെന്‍ഡ് ചെയ്യുക എന്നിവയാണ് ഹര്‍ജികള്‍.ഈ മാസം ഒന്നിനും രണ്ടിനും കേസില്‍ ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. മൂന്നും നാലും തീയതികള്‍ കോടതി അവധിയായിരുന്നതിനാല്‍, ഉത്തരവ് പറയുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ഹര്‍ജിക്കാരന് വേണ്ടി അഡ്വ. നളവാഡെയും പരാതിക്കാരന് വേണ്ടി അഡ്വ. എ. ആര്‍. പര്‍ഗാവ്കറും പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉഷാ യാദവും കോടതിയില്‍ ഹാജരായി. ഇന്നത്തെ വിധി മാണി സി. കാപ്പന് ഏറെ നിര്‍ണായകമാണ്.ബോറിവിലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പനെ നാല് ചെക്ക് കേസുകളില്‍ ശിക്ഷിച്ചിരുന്നു. നാല് കേസുകളിലായി ആകെ മൂന്നര വര്‍ഷത്തെ തടവാണ് വിധിച്ചത്. ഇതിന് പുറമെ പരാതിക്കാരനായ മെന്നന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് മേനോന് 5.30 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് കാപ്പന്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോയത്.ഇതിനിടെ, മാണി സി. കാപ്പനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.മുംബൈ ബോറിവിലി മജിസ്ട്രേറ്റ് കോടതി നാല് സാമ്പത്തിക കേസുകളില്‍ ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ പാലാ നിയമസഭാ മണ്ഡലം ഒഴിവുള്ളതായി പ്രഖ്യാപിക്കണമെന്നും, സ്പീക്കര്‍ക്ക് അയോഗ്യത പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദിനേശ് മേനോനാണ് ഹൈക്കോടതിയെ സമീപിച്ചത്.കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ നിയമവും മുന്‍നിര്‍ത്തി അനാവശ്യ കാലതാമസമില്ലാതെ നിയമപരമായ അനുയോജ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കി.വിഷയം ഗവര്‍ണറുടെ തീരുമാനത്തിന് വിടേണ്ടതുണ്ടോ അതോ സ്പീക്കര്‍ക്ക് തന്നെ പ്രഖ്യാപനം നടത്താമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. സ്പീക്കറുടെ തീരുമാനത്തിനടക്കം ഇന്നത്തെ വിധി നിര്‍ണയകമാണ്.
ചെക്ക് കേസില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ ഇന്ന് കോടതിയിൽ
