നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷയാണ് വിചാരണകോടതി വിധിക്കുന്നത്.ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാല്‍ ഏഴരവർഷം പ്രതികള്‍ തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിക്കും.ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ പ്രതികള്‍ സമൂഹത്തിന് മുഴുവൻ ഭീഷണിയാണെന്നും ഇവരുടെ മുൻകാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടർ കോടതിയില്‍ ആവശ്യപ്പെടും. വിയ്യൂർ ജയിലില്‍ തടവില്‍ കഴിയുന്ന മുഴുവൻ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകും.കേസില്‍ കോടതി നടൻ ദിലീപിനെ വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിച്ചാല്‍ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്ന് തന്നെ പുറത്ത് വന്നേക്കും. ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *