ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍, ഏകപക്ഷീയ തീരുമാനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യം, ചുമതലയില്‍നിന്ന് മാറ്റണം

ഗ്യാനേഷ് കുമാറിനെ സി.ഇ.സി. ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ കൂട്ടായ തീരുമാനത്തിലൂടെ കമ്മിഷന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ആരോപണവിധേയമായ തീരുമാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സോഫ്റ്റ്വെയര്‍ മാറ്റങ്ങളും റദ്ദാക്കണമെന്ന ആവശ്യവും ഹര്‍ജികളിലുണ്ട്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് റാകേഷ് കുമാര്‍ സിങ്, അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് നിയമപരമായി നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ സി.ഇ.സി. ഒറ്റയ്ക്ക് വിനിയോഗിച്ചോയെന്നതാണ് ഹര്‍ജികളിലെ പ്രധാന നിയമചോദ്യം.

14 തീരുമാനങ്ങളില്‍ ഭിന്നത?എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ 10 മാസത്തിനിടെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ കുറഞ്ഞത് 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികളിലെ ആരോപണങ്ങള്‍. സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ കമ്മിഷന്റെ പേരില്‍ തങ്ങളുടെ സമ്മതമില്ലാതെ ചില തീരുമാനങ്ങളും ഉത്തരവുകളും പുറപ്പെടുവിച്ചതായി എതിര്‍പ്പ് അറിയിച്ചെന്നാണ് ഹര്‍ജിക്കാരുടെ വാദം.എന്നാല്‍ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിട്ടുണ്ട്. സ്ഥാപനതല ചര്‍ച്ചകളില്‍ അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അന്തിമ തീരുമാനങ്ങള്‍ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ഉത്തരവുകള്‍ക്കും നിയമപരമായ സാധുതയുണ്ടെന്നും കമ്മിഷന്റെ നിലപാടാണ്.

Leave a Reply

Your email address will not be published. Required fields are marked *