ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്കി. ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന ‘യോഗ്യരും അനുയോജ്യരുമായ’ അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്കി. പൗരത്വ നിയമങ്ങള്‍ 2026 വിജ്ഞാപനം ചെയ്ത് കൊണ്ടാണ് കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരംപാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അപേക്ഷകളില്‍ അതിവേഗ നടപടി എടുക്കാനും നിര്‍ദേശമുണ്ട്. അസം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ഒഴിവാക്കിയാണ് പൗരത്വ നടപടി ലഘൂകരിച്ചത്. രേഖകള്‍ പരിശോധിച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പൗരത്വം അനുവദിക്കാന്‍ കേന്ദ്രം കളക്ടര്‍മാര്‍ക്ക് നേരിട്ട് അധികാരം നല്‍കിയിട്ടുണ്ട്. ഇതുവരെ, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി കുടിയേറ്റക്കാരുടെ പൗരത്വത്തിനായുള്ള അപേക്ഷകള്‍ മാത്രമായിരുന്നു അധികാരപ്പെടുത്തിയ കമ്മിറ്റികള്‍ പരിഗണിച്ചിരുന്നത്.പൗരത്വം നല്‍കുന്നതിന് മുന്നോടിയായി കളക്ടര്‍മാര്‍ അപേക്ഷകന് സമര്‍പ്പിച്ച രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. സിഎഎ പ്രകാരമുള്ള പൗരത്വ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ ജില്ലാ തലത്തിലുള്ള ശാക്തീകരണ സമിതികള്‍ വളരെ സമയമെടുക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം കളക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത്. ഇത് കാലതാമസം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം
