കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ സംസ്ഥാന സർക്കാർ നിയോഗിച്ച എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് കോടതി ചോദിച്ചു. എല്ലാ രേഖകളും സീല്‍ ചെയ്ത് സമര്‍പ്പിക്കാന്‍ ഇഡിയോട് നിര്‍ദേശിക്കുകയും ചെയ്തു. കെ.എം ഷാജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.ഹരജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാണോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് കെ.എം ഷാജഹാന്റെ അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍, ഇഡി സര്‍ക്കാരിന് നല്‍കിയ കത്തില്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. എസ്എഫ്‌ഐഒ അന്വേഷണത്തിനിടെ ഒരു കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നും, അത് പിഎംഎല്‍എ ആക്ട് പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും, അതിനാല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയുണ്ടായെന്നും ഇഡി വ്യക്തമാക്കി. 2025ല്‍ നല്‍കിയ കത്ത് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന സുപ്രിംകോടതി വിധികളാണ് എജി ചൂണ്ടിക്കാട്ടിയത്. അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുന്‍പായി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ഇഡിയോട് ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് 29-ാം തീയതി കോടതി അന്തിമ തീരുമാനമെടുക്കും
മാസപ്പടിയില്‍ എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല? ചോദ്യവുമായി ഹൈക്കോടതി
