കിറ്റെക്സ് സാമ്പത്തിക ക്രമക്കേട് ആരോപണം: സാബു എം. ജേക്കബിനും സ്ഥാപനങ്ങൾക്കും സെബി വിഷയത്തിൽ ഹൈക്കോടതി നോട്ടീസ്

കൊച്ചി: സാബു എം. ജേക്കബിനെതിരായ കിറ്റെക്സ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) ഹൈക്കോടതി നോട്ടീസ്. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡിനും കിറ്റെക്സ് ചിൽഡ്രൻസ് വെയറിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഓഹരി ഉടമ മുഹമ്മദ് ഫിർദൗസ് എ.വി. സമർപ്പിച്ച ഹർജിയിലാണ് നടപടി.സാബു എം. ജേക്കബിനെതിരായ പരാതിയിൽ സെബി സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫിർദൗസ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കിറ്റെക്സിനെതിരെ നൽകിയ പരാതിയിൽ സെബി നടപടി സ്വീകരിച്ചില്ലെന്നും നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സെബി വീഴ്ച വരുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.കിറ്റെക്സ് ഗാർമെന്റ്സിന്റെ അനുബന്ധ സ്ഥാപനമായ കിറ്റെക്സ് യുഎസ്എ എൽഎൽസി വഴിയുള്ള സാമ്പത്തിക ഇടപാടികളിലും ഹർജിക്കാരൻ സംശയം ഉന്നയിച്ചിട്ടുണ്ട്. കിറ്റെക്സ് യുഎസ്എയ്ക്കായി കിറ്റെക്സ് ഗാർമെന്റ്സ് 1,838 കോടി രൂപയുടെ കയറ്റുമതി നടത്തിയതായി ഹർജിയിൽ പറയുന്നു. ഇതിൽ കിറ്റെക്സ് ഗാർമെന്റ്സിന് ലഭിക്കാനുള്ള കുടിശ്ശിക 200 കോടി രൂപയാണെന്നും ഈ തുക തിരിച്ചുപിടിക്കാനാകുമോ എന്ന കാര്യത്തിൽ ഓഡിറ്റർ സംശയം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.കിറ്റെക്സ് യുഎസ്എ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന രേഖകളുണ്ടെന്നും ഇ.ഡി. നോട്ടീസിന് പിന്നാലെ 94 കോടി രൂപ തിരിച്ചടച്ചതായും ഹർജിയിൽ ആരോപിക്കുന്നു. ഇടപാടുകളില്ലാതെ കിറ്റെക്സ് ചിൽഡ്രൻസ് വെയറിന് 46 കോടി രൂപ കമ്മീഷൻ നൽകിയെന്നും ഇന്ത്യയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ പണം വിദേശത്തേക്ക് കൈമാറിയ ശേഷം കയറ്റുമതി കുടിശ്ശികയായി തിരിച്ചെത്തിച്ചെന്നുമാണ് ഹർജിക്കാരന്റെ ആരോപണം. ഇത് ഫണ്ട് റൂട്ടിംഗാണെന്നും ഹർജിയിൽ പറയുന്നു.കിറ്റെക്സ് യുഎസ്എ സ്വതന്ത്ര ഇടനിലക്കാരല്ലെന്നും പ്രമോട്ടർമാരുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്നും സംസ്ഥാന ജിഎസ്ടി കണ്ടെത്തിയതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് കിറ്റെക്സിനെതിരെ നടപടി സ്വീകരിക്കാനും ജിഎസ്ടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് അവകാശവാദം.കിറ്റെക്സ് ചിൽഡ്രൻസ് വെയറിനെ ടെക്സ്റ്റൈൽ വിഭാഗത്തിൽ ലയിപ്പിക്കാനുള്ള നീക്കവും ഓഹരി ഉടമകളുടെ താൽപര്യത്തെ ബാധിക്കുമെന്ന് ഹർജിയിൽ ആരോപിക്കുന്നു. വ്യാജ വരുമാന കണക്കുകളും കിട്ടാക്കടങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലയനം നടപ്പാക്കിയാൽ പ്രമോട്ടർമാർക്ക് അനധികൃത നേട്ടവും ഓഹരി ഉടമകൾക്ക് നഷ്ടവും ഉണ്ടാകുമെന്നാണ് ഹർജിക്കാരന്റെ വാദം. ബാലൻസ് ഷീറ്റിലെ സാമ്പത്തിക ക്രമക്കേടുകൾ സെബി ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ സെബിക്ക് നിർദേശം നൽകണമെന്നും മുഹമ്മദ് ഫിർദൗസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *