കൊച്ചി നഗരത്തിലെ കാനകളിൽനിന്നും തോടുകളിൽനിന്നും നീക്കുന്ന മാലിന്യവും ചെളിയും കരയിൽ കൂട്ടിയിടുന്നതിനെതിരെ ഹൈക്കോടതി. ഇവ ഉടൻ നീക്കാൻ കൊച്ചി കോർപറേഷനോട് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ തോടുകളിലും കാനകളിലും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയണം. പ്രീ-മൺസൂൺ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.നിലവിൽ കലക്ടറുടെ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. റെയിൽവേ കൽവർട്ടുകളുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലെന്നപോലെ കലക്ടറുടെ കമ്മിറ്റിയുമായി ചേർന്ന് പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു. കേസ് മെയ് എട്ടിന് വീണ്ടും പരിഗണിക്കും.
കാനകളിലെ മാലിന്യം കരയിൽ കൂട്ടിയിടരുത്; ഉടൻ നീക്കണം
