RSS പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: ഒന്നാംപ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: പാലക്കാട്ട് ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അബ്ദുൾ സലാമിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീ കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.അബ്ദുൾ സലാം നാല് വർഷവും പത്ത് മാസവുമായി ജയിലിൽ കഴിയുകയാണെന്നും കേസിലെ പ്രധാനപ്പെട്ട എട്ട് സാക്ഷികളുടെ വിസ്താരം പൂർത്തിയായെന്നും ഇതിൽ മൂന്ന് പേർ ദൃക്സാക്ഷികളാണെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ആകെ 446 സാക്ഷികളാണ് കേസിൽ ഉളളത്. വിചാരണ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ പി. വിഷ്ണുവും വാദിച്ചു.ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ അൽജോ കെ. ജോസഫ് എതിർത്തു. അബ്ദുൾ സലാമിന്റെ ക്രിമിനൽ പശ്ചാത്തലം കോടതി കണക്കിലെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, സുപ്രീം കോടതി അബ്ദുൾ സലാമിന് ജാമ്യം അനുവദിച്ചു.പാലക്കാട്ടെ ആർ.എസ്.എസ്. പ്രവർത്തകൻ എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് എൻ.ഐ.എ.യ്ക്ക് നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കുള്ളിൽ മറുപടിനൽകാനാണ് നിർദേശം.കേസിൽ ആയിരത്തോളം സാക്ഷികൾ ഉണ്ടെന്നും വിചാരണ പൂർത്തിയാകാൻ വർഷങ്ങൾവേണ്ടിവരുമെന്നും അഷറഫ് മൗലവിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ദവെയും അഭിഭാഷകൻ വിഷ്ണു പി.യും വാദിച്ചു. തുടർന്ന് വിചാരണ പൂർത്തിയാകാൻ എത്ര സമയംവേണ്ടിവരുമെന്ന് കോടതി ആരാഞ്ഞു. ജാമ്യാപേക്ഷ ഒരു മാസത്തിനുശേഷം സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *