റായ്പൂര്‍: ഭാര്യയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നതും മാനസിക പീഡനമായി കണക്കാക്കാവുന്നതുമാണെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്ക് വിവാഹമോചനം നേടാന്‍ അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.ബലിയ സ്വദേശിയായ അര്‍ച്ചന സിങ് നല്കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ്, ജസ്റ്റിസ് പാര്‍ത്ഥ് പ്രതീം സാഹു, ജസ്റ്റിസ് സുഷമ സാവന്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹര്‍ജി തള്ളിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13(1)(i-a) പ്രകാരം ക്രൂരത എന്ന കാരണത്താല്‍ 2021-ല്‍ നടന്ന വിവാഹം ഹൈക്കോടതി റദ്ദാക്കി.ബിഹാറിലെ ആരാ സ്വദേശിയായ ഭര്‍ത്താവ് ആനന്ദ് കുമാര്‍ ഗുപ്തയ്ക്കെതിരെ (35) യാണ്, ഉത്തര്‍പ്രദേശിലെ ബലിയ സ്വദേശിയും നിലവില്‍ അംബികാപൂര്‍ നിവാസിയുമായ അര്‍ച്ചന സിങ് (32) ഹൈക്കോടതിയെ സമീപിച്ചത്. മതിയായ തെളിവുകളുടെ അഭാവത്തില്‍ വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ട് അംബികാപൂര്‍ കുടുംബ കോടതി 2024 ഏപ്രിലില്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അര്‍ച്ചന അപ്പീല്‍ നല്‍കിയത്.2021 ഡിസംബര്‍ 5-നാണ് ഹര്‍ജിക്കാരിയായ അര്‍ച്ചനയും ആനന്ദ് കുമാര്‍ ഗുപ്തയുമായി ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നത്. എന്നാല്‍, ഒരു മാസത്തിനുള്ളില്‍ത്തന്നെ ഭര്‍ത്താവ് തന്നെ ശാരീരികമായും വാക്കു കൊണ്ടും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും, സ്ത്രീധനമായി എയര്‍ കണ്ടീഷണര്‍ ആവശ്യപ്പെടുകയും തന്റെ ആഭരണങ്ങള്‍ വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി ആരോപിച്ചു. തുടര്‍ച്ചയായ പീഡനത്തെത്തുടര്‍ന്ന് അര്‍ച്ചന അംബികാപൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.ഭര്‍ത്താവിന്റെ പീഡനം ചോദ്യം ചെയ്തതിന് തനിക്കും തന്റെ ഇളയ സഹോദരിമാര്‍ക്കും അശ്ലീലവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചെന്നും അര്‍ച്ചന പറയുന്നു. വാട്സ് ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അര്‍ച്ചന കോടതിയില്‍ ഹാജരാക്കിയിരുന്നു. നടപടിക്രമങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി വിവാഹമോചന ഹര്‍ജി വിചാരണക്കോടതി തള്ളിക്കളഞ്ഞത് തെറ്റാണെന്ന് ഹൈക്കോടതി വിലയിരുത്തി. സാധാരണ സിവില്‍ കോടതികളെപ്പോലെ തെളിവ് നിയമത്തിലെ കര്‍ശനമായ ചട്ടങ്ങള്‍ പാലിക്കാന്‍ കുടുംബ കോടതികള്‍ ബാധ്യസ്ഥരല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
‘കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതും മോശം സന്ദേശങ്ങള്‍ അയക്കുന്നതും മാനസിക പീഡനം’; ഛത്തീസ്ഗഡ് ഹൈക്കോടതി
