നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇ.ഡി. നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമ നടപടികള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നേതാക്കള്‍ ഇ.ഡിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തില്‍ നടപടിയെടുക്കാൻ വിസമ്മതിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ഏജൻസി നല്‍കിയ റിവിഷൻ ഹർജിയെ എതിർത്താണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്.വിചാരണക്കോടതിയുടെ ഉത്തരവ് പൂർണ്ണമായും നിയമപരമാണെന്നും അതില്‍ തെറ്റുകളോ ക്രമക്കേടുകളോ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എഫ്.ഐ.ആറിന്റെ പിൻബലമില്ലാതെ, ഒരു സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ ഇ.ഡി. കേസെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അഭിഭാഷകർ മുഖേന സമർപ്പിച്ച മറുപടിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് ഒക്ടോബർ 12-ന് ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി. 2025 ഡിസംബർ 16-നായിരുന്നു എഫ്.ഐ.ആർ. ഇല്ലാതെ ഇ.ഡി. നല്‍കിയ പരാതി നിയമപരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *