മരുന്നുകളുടെ കൊള്ളവിലയ്‌ക്കെതിരെ സുപ്രീം കോടതി; കാൻസര്‍ മരുന്നിന്റെ വിലവര്‍ധനയെ ‘പിടിച്ചുപറി’ എന്ന് വിശേഷിപ്പിച്ചു

ചില്ലറ വില്‍പ്പനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് ഉയർന്ന പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ വില്‍ക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.മരുന്നുവില നിയന്ത്രണങ്ങളിലെ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച കോടതി, ഈ അമിത ലാഭക്കൊള്ളയെ ‘പിടിച്ചുപറി’ (Extortion) എന്നാണ് വിശേഷിപ്പിച്ചത്.ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരങ്ങിയ ബെഞ്ചാണ് മരുന്നുവില നിയന്ത്രണം, ജനറിക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിച്ചത്.ചില്ലറ വില്‍പ്പനക്കാർക്ക് 2,700 രൂപയ്ക്ക് നല്‍കുന്ന ഒരു ജീവൻരക്ഷാ കാൻസർ മരുന്നിന്റെ എം.ആർ.പി 27,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതായത് നല്‍കുന്ന വിലയുടെ പത്തിരട്ടിയാണ് രോഗിയില്‍ നിന്ന് ഈടാക്കുന്നത്.”ഇത് പിടിച്ചുപറിയല്ലെങ്കില്‍ പിന്നെ എന്താണ്? മരുന്നുകള്‍ വാങ്ങാൻ ആളുകള്‍ വീടുകളും ആഭരണങ്ങളും വില്‍ക്കേണ്ടി വരുന്നു,” എന്ന് ജസ്റ്റിസ് സന്ദീപ് മേഹ്ത വാദത്തിനിടയില്‍ നിരീക്ഷിച്ചു.2013-ലെ ഡ്രഗ്സ് പ്രൈസ് കണ്‍ട്രോള്‍ ഓർഡർ (DPCO) ഷെഡ്യൂളില്‍ പെടാത്ത മരുന്നുകളുടെ പ്രാരംഭ വില നിയന്ത്രിക്കുന്നില്ലെന്ന് ഹർജിക്കാരൻ കിഷൻ ചന്ദ് ജെയ്ൻ കോടതിയെ അറിയിച്ചു.വിപണിയിലുള്ള ഏകദേശം 60,000 ബ്രാൻഡുകളില്‍ 5,000 എണ്ണം മാത്രമാണ് നിലവിലെ വില നിയന്ത്രണ പരിധിയില്‍ വരുന്നത്. വിപണിയിലെ 82 ശതമാനത്തോളം മരുന്നുകളും ഈ നിരീക്ഷണത്തിന് പുറത്താണ്.അടിയന്തര സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് വില താരതമ്യം ചെയ്യാൻ അവസരമില്ലാത്ത അവസ്ഥ മുതലെടുത്താണ് പല കമ്പനികളും അമിത വില ഈടാക്കുന്നത്. ഔഷധ വില നിയന്ത്രണ സംവിധാനം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സുപ്രീം കോടതി ഇടപെടല്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *