ന്യൂഡൽഹി: കൊലക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ‘വിജയഘോഷയാത്ര’ നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഹരിയാന പൊലീസിന് സുപ്രീംകോടതി നിർദേശം. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും കോടതിയിൽ ആരോപണമുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്.ചരഖി ദാദ്രി ജില്ലയിലെ കൊലക്കേസിലെ പ്രതി വിശാലിനാണ് പഞ്ചാബ്-ഹരിയാന ഹൈകോടതി ഏപ്രിൽ 23ന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ വിശാൽ ഘോഷയാത്ര നടത്തിയെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.ഇതേത്തുടർന്ന് ആദ്യം കീഴടങ്ങാൻ കോടതി പ്രതിയോട് നിർദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നൽകാമെന്നും അപ്പോൾ വിഷയം പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ജാമ്യം ലഭിച്ചതിന്റെ പേരിൽ വിജയഘോഷയാത്ര നടത്തുന്നത് ശരിയായ നടപടിയല്ലെന്നും കോടതി പറഞ്ഞു.പ്രതിക്കെതിരെ ആഗസ്റ്റിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാറന്റ് നടപ്പാക്കാൻ കഴിയാതിരുന്നതിന്റെ കാരണങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.വാറന്റ് നടപ്പാക്കി പ്രതിയെ സെപ്റ്റംബർ 21ന് കോടതിയിൽ ഹാജരാക്കാൻ ചരഖി ദാദ്രി ജില്ലാ പൊലീസ് സൂപ്രണ്ടിന് സുപ്രീംകോടതി നിർദേശം നൽകി. ഉത്തരവിന്റെ പകർപ്പ് 24 മണിക്കൂറിനകം പൊലീസ് സൂപ്രണ്ടിന് കൈമാറാനും രജിസ്ട്രിക്ക് നിർദേശം നൽകി.2022 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. തർക്കഭൂമിയിൽ ടിൻ ഷെഡുകൾ നിർമിക്കാൻ വിശാൽ ശ്രമിച്ചതിനെ തുടർന്ന് പരാതിക്കാരിയായ രാജ്ബാലയുടെ കുടുംബാംഗങ്ങളുമായി തർക്കമുണ്ടായെന്നാണ് കേസ്. വാക്കുതർക്കത്തിനിടെ വിശാൽ വടിയും കോടാലിയും ഉപയോഗിച്ച് പരാതിക്കാരുടെ ഭാഗത്തുള്ളവരെ ആക്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരിൽ ഒരാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു.സംഭവത്തിന് പിന്നാലെ അറസ്റ്റിലായ വിശാൽ മൂന്ന് വർഷത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്. നേരത്തെ നാല് തവണ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായതും പ്രതി മൂന്ന് വർഷത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞതും പരിഗണിച്ചാണ് അഞ്ചാം തവണ ജാമ്യം അനുവദിച്ചത്.
ജാമ്യത്തിന് പിന്നാലെ ‘വിജയ ഘോഷയാത്ര’; കൊലക്കേസ് പ്രതിയെ ‘തൂക്കാൻ’ സുപ്രീംകോടതി നിർദേശം
