എറണാകുളം : വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ മുൻ നിലപാടിൽ നിന്ന് വ്യതിചലിച്ച് സർക്കാർ. വിഷയം നിലവിൽ സുപ്രീംകോടതിയുടെ സജീവ പരിഗണനയിലായതിനാൽ അന്തിമവിധിക്ക് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബോർഡിൻ്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിന് വിവിധ പിന്നാക്ക മുസ്‌ലിം വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കി ബോർഡ് ഉടൻ പുനഃസംഘടിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.നേരത്തെ വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. എന്നാൽ നിലവിലെ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിലപാടിൽ മാറ്റമുണ്ടായത്. കേസ് പരിഗണനയ്‌ക്കെത്തിയപ്പോൾ ബോർഡിലെ നിലവിലെ ഒഴിവുകൾ എന്തുകൊണ്ട് ആദ്യം നികത്തിക്കൂടാ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ നിലവിൽ സങ്കീർണതകൾ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ്റെ മറുപടി.നോമിനേറ്റ് ചെയ്യപ്പെട്ട നിലവിലെ അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് നിരീക്ഷിച്ച കോടതി, ബോർഡ് പുനഃസംഘടിപ്പിക്കുന്നതും സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് മറ്റ് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതും സർക്കാരിൻ്റെ പൂർണ്ണ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് വ്യക്തമാക്കി. ഒഴിവുകൾ നികത്തുന്നതിൽ നിയമപരമായ തീരുമാനം വേഗത്തിൽ കൈക്കൊള്ളണമെന്നും വഖ്‌ഫ് ബോർഡിൻ്റെ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.വിവിധ മുസ്‌ലിം പിന്നാക്ക വിഭാഗങ്ങൾക്ക് ബോർഡിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അംഗങ്ങളുടെ അർഹതാ നിർണയം പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ കൃത്യമായ എണ്ണവും അവയുടെ മൂല്യവും കണക്കാക്കുന്നതിനായി വഖഫ് ബോർഡ് സി.ഇ.ഒയ്‌ക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭ്യമായ ശേഷം മാത്രമേ ബോർഡിൻ്റെ പൂർണ്ണമായ പുനഃസംഘടന നടപ്പിലാക്കുകയുള്ളൂവെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ ആറാഴ്‌ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങള്‍; തീരുമാനം സുപ്രീം കോടതിയുടെ അന്തിമവിധിയ്‌ക്ക് ശേഷമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
