യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച്‌ പീഡിപ്പിച്ചു: നാലു പ്രതികളും കുറ്റക്കാരെന്ന് കോടതി: വിധി വന്നത് 13 വര്‍ഷത്തിനുശേഷം

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റിലെത്തിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിധി പ്രസ്താവിച്ചു.കേസില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാം പ്രതിക്ക് 37 വര്‍ഷം തടവും മൂന്നു ലക്ഷത്തി മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂര്‍ മണക്കാല സ്വദേശിനിയായ യുവതിയാണ് ക്രൂരമായ ചതിക്കും പീഡനത്തിനും ഇരയായത്.2013-ലാണ് നല്ല ജോലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് സംഘം യുവതിയെ സമീപിക്കുന്നത്. വിസയും മറ്റ് യാത്രാ രേഖകളും ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയില്‍ നിന്ന് വന്‍തുക പണമായി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ എമിഗ്രേഷന്‍ അംഗീകാരമില്ലാതെ നിയമവിരുദ്ധമായാണ് ഇവര്‍ യുവതിയെ കുവൈറ്റിലെത്തിച്ചത്. അവിടെയെത്തിയതോടെ വാഗ്ദാനങ്ങള്‍ തെറ്റിക്കുകയും മുറിയില്‍ പൂട്ടിയിട്ട് സമാനതകളില്ലാത്ത ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കുകയുമായിരുന്നു.ഒരുവിധത്തില്‍ കുവൈറ്റിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്രതികളുടെ ഭീഷണിയും ഉപദ്രവവും തുടര്‍ന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഇടനിലക്കാരായി നിന്ന് തട്ടിപ്പ് നടത്തുകയും പീഡനത്തിന് വഴിയൊരുക്കുകയും ചെയ്ത കൂരമ്പാല സ്വദേശി ജോളി സ്റ്റാന്‍ലി, കവിയൂര്‍ സ്വദേശി മുരളീധരന്‍ നായര്‍, ആലുവ ചൂണ്ടി സ്വദേശി നവാസ് (ബിജുമോന്‍), കവിയൂര്‍ സ്വദേശി സതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും എമിഗ്രേഷന്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *