നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷി വിസ്താരം പൂര്‍ത്തിയായി; പ്രതി ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന്

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ നിർണ്ണായക ഘട്ടം പൂർത്തിയായി.കേസിലെ സാക്ഷി വിസ്താര നടപടികളാണ് ഇപ്പോള്‍ അവസാനിച്ചത്. പാലക്കാട് ജില്ലാ നാലാം അഡീഷണല്‍ സെഷൻസ് കോടതിയില്‍ നാല് മാസത്തിലേറെയായി നടന്നു വന്നിരുന്ന നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് സാക്ഷി വിസ്താരം പൂർത്തിയായത്. ഇതിന് പിന്നാലെ പ്രതിയായ ചെന്താമരയുടെ അന്തിമ വിചാരണ ഈ മാസം 29-ന് നടക്കുമെന്ന് കോടതി വ്യക്തമാക്കി.2025 ജനുവരി 27-നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശിയായ സുധാകരൻ, ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകം വലിയ ജനരോഷത്തിന് കാരണമായിരുന്നു.കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവുമായി പ്രതിക്ക് മുൻപും കടുത്ത ശത്രുതയുണ്ടായിരുന്നു. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ഈ ചെന്താമര തന്നെയാണ് കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.ഈ ശിക്ഷാവിധിക്ക് പിന്നാലെയാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ രണ്ടാമത്തെ കേസിന്റെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചത്. കൃത്യമായ കോടതി നടപടികള്‍ക്കൊടുവിലാണ് കേസ് ഇപ്പോള്‍ അന്തിമ വിധിക്ക് തൊട്ടുമുമ്പുള്ള ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *