ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ കോക്ക്റോച്ച് ജനത പാർട്ടി നേതാക്കളോട് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി.സിജെപി കോ-കണ്‍വീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് കോടതിയില്‍ ഉറപ്പുനല്‍കി. ഭാട്ടിയ സമർപ്പിച്ച 2 കോടി രൂപയുടെ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ഉത്തരവ്. യുവാക്കള്‍ക്ക് പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെങ്കിലും, കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചുറപ്പുവരുത്തി ശരിയായ രീതിയില്‍ വേണം അവതരിപ്പിക്കാനെന്ന് കോടതി നിരീക്ഷിച്ചു.”ചെറുപ്പക്കാരായ നിങ്ങള്‍ക്ക് പലവിധ ആശങ്കകളുണ്ടാകാം, കാര്യങ്ങള്‍ പ്രകടിപ്പിക്കാൻ ആഗ്രഹവുമുണ്ടാകാം. എന്നാല്‍ ഒന്നും സ്ഥിരീകരിക്കാതെ എന്തും വിളിച്ച് പറയുന്നതും പോസ്റ്റ് ചെയ്യുന്നതും ശരിയായ രീതിയില്ല”- എന്ന് സിജെപി നേതാക്കളുടെ അഭിഭാഷകരോട് കോടതി വ്യക്തമാക്കി. കൂടുതല്‍ ഉത്തരവാദിത്തമുള്ള രീതിയില്‍ നിലപാടുകള്‍ വ്യക്തമാക്കാൻ യുവാക്കള്‍ തയാറാകണമെന്ന് ജസ്റ്റിസ് ഗെഡേല ഓർമ്മിപ്പിച്ചു.പറയാത്ത കാര്യങ്ങള്‍ ഗൗരവ് ഭാട്ടിയ പറഞ്ഞതെന്ന രീതിയില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ഗ്രാഫിക് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് കേസിനാധാരം. സെപ്റ്റംബർ 5ന് സൗരവ് ദാസ് പങ്കുവെച്ച ഈ പോസ്റ്റ് ‘എഐ നിർമ്മിതമാണ്’ എന്ന് വ്യക്തമാക്കി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഭാട്ടിയ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഭാട്ടിയ നല്‍കിയ ഹർജിയില്‍ സൗരവ് ദാസ്, അശുതോഷ് റാങ്ക, സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ എന്നിവർക്ക് കോടതി സമൻസ് അയച്ചു.മറ്റ് വ്യാജ ഗ്രാഫിക് പോസ്റ്റുകള്‍ കാണുകയാണെങ്കില്‍ അവ നീക്കം ചെയ്യാൻ എക്സ്, മെറ്റ (ഫേസ്ബുക്ക്/ഇൻസ്റ്റഗ്രാം) എന്നീ പ്ലാറ്റ്‌ഫോമുകളെ നേരിട്ട് സമീപിക്കാനും കോടതി ഭാട്ടിയക്ക് അനുമതി നല്‍കിയിട്ടുണ്ട്.
‘ബിജെപി നേതാവ് ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യണം’: സിജെപി നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി
