ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ട്രസ്റ്റ് വില്പനക്ക് വെച്ച ക്ഷേത്ര ഭൂമി വിലകൊടുത്ത് വാങ്ങി വീടുവെച്ച് താമസമാക്കിയ മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. കടയനല്ലൂര്‍ അരുള്‍മിഗു അണ്ണാമലൈനാഥര്‍ ക്ഷേത്രത്തിന്റെ 3.93 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2025 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയായിരുന്നു. ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതിനായി നടത്തിയ ലേലത്തില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.പ്രദേശത്ത് വീടുകള്‍ക്ക് പുറമേ ഒരു സ്കൂളും പള്ളിയും നിര്‍മിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തര്‍ക്കം. അണ്ണാമലൈനാഥര്‍ ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ ഭാഗമാണ് 3.93 ഏക്കര്‍ വരുന്ന ഈ ഭൂമി. 1994-ല്‍ തമിഴ്നാട് ക്ഷേത്ര ഭരണ ബോര്‍ഡ് പൊതു ലേലത്തിലൂടെ ഭൂമി വില്ക്കാന് അനുമതി നല്കി. 3.10 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലയായി നിര്‍ണ്ണയിച്ചിരുന്നത്.1995 ജൂണ്‍ 19-നാണ് ലേലം നടന്നത്. ലേലത്തില്‍ അഞ്ച് പേര് പങ്കെടുത്തതായി പറയപ്പെടുന്നു. അന്നത്തെ ട്രസ്റ്റി വി. സുബ്രഹ്മണ്യ അയ്യരുടെ സഹോദരീപുത്രനായ ആര്. സുബ്രഹ്മണ്യന് 10.17 ലക്ഷം രൂപ വിളിച്ച് ഏറ്റവും ഉയര്‍ന്ന ലേലക്കാരനായി മാറി. എന്നാല്‍ പിന്നീട് ഈ നടപടിക്രമങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ മദ്രാസ് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു
ട്രസ്റ്റ് വിറ്റ ക്ഷേത്രഭൂമി വിലകൊടുത്ത് വാങ്ങി വീടുവെച്ച മുസ്ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അനുമതി; മദ്രാസ് ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രിംകോടതി
