വിമൽ ഇലായ്ച്ചി’ പരസ്യം: ഷാറൂഖ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മഹാരാഷ്ട്ര എഫ്ഡിഎ നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കൾ

ന്യൂഡൽഹി: ‘വിമൽ ഇലായ്ച്ചി’ മൗത്ത് ഫ്രഷ്‌നറിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകി. പരസ്യം നിരോധിത പാൻ മസാലയുടെ പരോക്ഷ പ്രചാരണമാണെന്ന ആരോപണത്തെ തുടർന്നാണ് നടപടി.നോട്ടീസിനെതിരെ ‘വിമൽ ഇലായ്ച്ചി’ നിർമാതാക്കളായ പി.ബി. അഗ്രോ ലിമിറ്റഡ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് റദ്ദാക്കണമെന്നും പരസ്യം നിർത്തിവയ്ക്കാൻ എഫ്ഡിഎയ്ക്ക് അധികാരമില്ലെന്നും കമ്പനി ഹർജിയിൽ വാദിച്ചു.‘വിമൽ ഇലായ്ച്ചി’യുടെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുള്ളതാണെന്നും മൗത്ത് ഫ്രഷ്‌നറിന്റെ മറവിൽ പാൻ മസാലയ്ക്ക് പ്രചാരണം നൽകുന്നതാണെന്നുമാണ് മഹാരാഷ്ട്ര എഫ്ഡിഎയുടെ ആരോപണം. നിരോധിത പാൻ മസാലയിൽ നിന്ന് ‘വിമൽ ഇലായ്ച്ചി’ വ്യത്യസ്തമായ ഉൽപ്പന്നമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ പ്രചാരണം നിർത്തിവയ്ക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്ന് അനുബന്ധ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനും എഫ്ഡിഎ നിർദേശിച്ചിരുന്നു.എഫ്ഡിഎയുടെ നോട്ടീസ് താരങ്ങൾക്ക് മാത്രമാണ് ലഭിച്ചതെന്നും കമ്പനിക്ക് നേരിട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും പി.ബി. അഗ്രോ ആരോപിച്ചു. നടപടിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കമ്പനിയുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകേണ്ടിയിരുന്നുവെന്നും ഹർജിയിൽ പറയുന്നു.2001 മുതൽ മഹാരാഷ്ട്രയിൽ ‘വിമൽ’ പാൻ മസാല വിൽക്കുന്നില്ലെന്നും അതിനാൽ പരസ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കമ്പനി വാദിച്ചു.അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ സ്ഥാപനമായ എഫ്ഡിഎയുടെ നോട്ടീസിനെ ചോദ്യം ചെയ്യാൻ ബോംബെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നാണ് കേന്ദ്രസർക്കാരിന്റെയും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെയും നിലപാട്. ഡൽഹി ഹൈക്കോടതിക്ക് കേസിൽ ഇടപെടാൻ അധികാരമുണ്ടോയെന്ന കാര്യത്തിൽ ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *