യുഎസ് തെരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിലെ മാറ്റങ്ങൾക്ക് അനുമതി തേടി ട്രംപ് സുപ്രീം കോടതിയിൽ

വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പോസ്റ്റൽ വോട്ടുകളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ അനുമതി തേടി ഡോണൾഡ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയുള്ള നിയമപോരാട്ടം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.യുഎസ് പോസ്റ്റൽ സർവീസിന് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎസ് നീതിന്യായ വകുപ്പാണ് വ്യാഴാഴ്ച സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇടക്കാല തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് ഭരണകൂടത്തിൻ്റെ ഈ നിർണായക നീക്കം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഡറൽ ഏജൻസികൾക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് കഴിഞ്ഞ മാർച്ചിലാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. ഈ ഉത്തരവിനെതിരെ വിവിധ കോടതികളിൽ നിയമപോരാട്ടം തുടരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.അതേസമയം, വോട്ടർമാർക്ക് ഏത് പോസ്റ്റൽ ബാലറ്റുകളാണ് നൽകേണ്ടതെന്ന് തീരുമാനിക്കാൻ യുഎസ് പ്രസിഡൻ്റിനോ പോസ്റ്റൽ സർവീസിനോ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 23 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളും വോട്ടർമാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളും ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ, തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള ശ്രമമല്ല ഇതെന്നും, പോസ്റ്റൽ സംവിധാനത്തിലെ ചില പരിമിതമായ മാറ്റങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഭരണത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തപാലുകൾക്ക് ആവശ്യമായ ചില തയ്യാറെടുപ്പുകൾ മാത്രമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *