15-കാരിയെ കാണാതായിട്ട് മൂന്ന് മാസം; ആന്ധ്രാപ്രദേശ് ഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

അമരാവതി: കാണാതായ 15-കാരിയെ കണ്ടെത്താൻ കഴിയാത്തതിൽ ആന്ധ്രാപ്രദേശ് പൊലീസിനും ഡിജിപിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 75-ാം വയസ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 76-ാം വയസ്സിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോൾ, ഒരു പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.കുട്ടിയെ ഹാജരാക്കാൻ നിർദേശിച്ചിട്ടും കേവലം ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ച് കൈകഴുകുകയാണോ വേണ്ടതെന്നും, എസ്ഐടി രൂപീകരണം വെറുമൊരു കണ്ണിൽപ്പൊടിയിടൽ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബട്ടു ദേവാനന്ദ്, ജസ്റ്റിസ് തുഹിൻ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ പരാമർശങ്ങൾ നടത്തിയത്.ഗുണ്ടൂരിലെ സ്വകാര്യ സ്കൂളിൽ 10-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ട്യൂഷന് പോയ സമയത്താണ് കാണാതായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഷെയ്ഖ് ജോൺ സെയ്ദ എന്നയാൾ കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. സംഭവത്തിൽ മൂന്ന് മാസം മുൻപ് പട്ടാഭിപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച കേസ് പരിഗണിച്ച കോടതി, ഡിജിപി നേരിട്ട് ഇടപെട്ട് വ്യാഴാഴ്ച കുട്ടിയെ കോടതിയിൽ ഹാജരാക്കാൻ കർശന നിർദേശം നൽകിയിരുന്നു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കോടതി.വ്യാഴാഴ്ച വാദം തുടങ്ങിയപ്പോൾ, കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ (എസ്ജിപി) തിരുമനു വിഷ്ണുതേജ കോടതിയെ അറിയിച്ചു. ഡിജിപി ഒരു എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും, പെൺകുട്ടിയെ കാണാതായ സംഭവം ഇപ്പോൾ തട്ടിക്കൊണ്ടുപോകൽ കേസായാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് എസ്ഐടി അംഗങ്ങളുടെ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഈ പട്ടിക പരിശോധിച്ച ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞ മൂന്ന് മാസമായി പരാജയപ്പെട്ട പട്ടാഭിപുരം സ്റ്റേഷനിലെ പൊലീസുകാരെ തന്നെ വീണ്ടും എസ്ഐടിയിൽ ഉൾപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.ഗുണ്ടൂർ ജില്ലാ എസ്പിയോട് അന്വേഷണ പുരോഗതി റിപ്പോർട്ട് തേടുക മാത്രമാണ് ഡിജിപി ചെയ്തത്. കുട്ടിയെ കണ്ടെത്താനായില്ലെങ്കിൽ ഡിജിപി ഹരീഷ് കുമാർ ഗുപ്ത കൂടുതൽ സമയം ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഡിജിപി നേരിട്ട് ഇടപെട്ട് സേനയെ മുഴുവൻ ഉപയോഗിച്ചിരുന്നെങ്കിൽ കുട്ടിയെ ഉടൻ കണ്ടെത്താൻ കഴിയുമായിരുന്നു. കേസിനെ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാണുന്നത്.അന്വേഷണം എങ്ങനെ നടത്തണമെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും, ഡിജിപിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനം പ്രതീക്ഷിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉദ്യോഗസ്ഥർ സർക്കാരിന് ചീത്തപ്പേരുണ്ടാക്കുമെന്നും കോടതി രൂക്ഷമായി വിമർശിച്ചു. ഡിജിപിയെ നേരിട്ട് വിളിച്ചുവരുത്താൻ കോടതി തയാറെടുത്തതോടെ, കുട്ടിയെ കണ്ടെത്താൻ ഊർജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാമെന്നും എസ്ജിപി ഉറപ്പുനൽകി. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *