ന്യൂഡൽഹി: തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന് ആശ്വാസം. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർജോലി നൽകിക്കൊണ്ടുള്ള തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി നടപടി, സുപ്രീം കോടതി സ്‌റ്റേ ചെയ്തു.2025 സെപ്റ്റംബറിലാണ് വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പുപ്രചാരണറാലിയ്ക്കിടെ കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്കാണ് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. എന്നാൽ, ഇത് ഭരണഘടനയിലെ 14,16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് മദ്രാസ് ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു.തുടർന്നാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദുരന്തത്തിലെ ഇരകൾക്ക് സർക്കാർ ജോലി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ഹർജി പരിഗണിക്കവേ ബെഞ്ച് ആരാഞ്ഞു.
വിജയ്ക്ക് ആശ്വാസം; കരൂരിൽ മരിച്ചവരുടെ ആശ്രിതർക്ക് ജോലിനൽകിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ
