ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആൻ്റ് റിസർച്ചിലെ (എൻഎഎല്‍എസ്‌എആർ) വിദ്യാർത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നീക്കത്തിനെതിരെ സുപ്രീംകോടതി.വിദ്യാർത്ഥികള്‍ നിയമപരമായി പ്രതിഷേധിക്കുകയാണെങ്കില്‍ അതില്‍ ഇടപെടാൻ ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് എന്താണ് കാര്യമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. യൂണിവേഴ്സിറ്റി നല്‍കിയ ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയും ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.”ഈ വിഷയത്തില്‍ ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഒരു കാര്യവുമില്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്. വിദ്യാർത്ഥികള്‍ എനിക്ക് കത്തെഴുതിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളും ഞാനും തമ്മിലുള്ള കാര്യമാണ്. അനാവശ്യമായി സർക്കുലർ ഇറക്കാൻ ഇവർ ആരാണ്? ഞാൻ കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാർത്ഥി പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. ചിലപ്പോള്‍ അവർ പറയുന്നത് തെറ്റാണെങ്കില്‍ പോലും, നിയമപരമായാണ് ശബ്ദമുയർത്തുന്നതെങ്കില്‍ അത് അനുവദിക്കണം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മുതിർന്ന അഭിഭാഷകനായ കെ പരമേശ്വറാണ് യൂണിവേഴ്സിറ്റിക്ക് വേണ്ടി വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
‘ഇത് വിദ്യാര്‍ത്ഥികളും ഞാനും തമ്മിലുള്ള കാര്യം’; ബാര്‍ കൗണ്‍സില്‍ നടത്തിയത് അനാവശ്യ നീക്കം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
