സർക്കാരിന്റെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; ‘സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യത്തിൽ അധ്യാപകന്റെ സസ്പെൻഷന് സ്റ്റേ ഇല്ല’

തിരുവനന്തപുരം: സ്‌കൂൾ ക്വിസിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകൻ ഗുരുപ്രസാദിന്റെ സസ്പെൻഷന് സ്റ്റേ ഇല്ല. സർക്കാറിന്റെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർക്കാരിന് അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കാമെന്നും വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ എടുത്ത സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് അധ്യാപകൻ നൽകിയ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഏത് സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി വീണ്ടും വരും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദ സവർക്കറെ പുകഴ്ത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി സവർക്കർ എന്ന് നൽകിയിരിക്കുന്നത്. എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചോദ്യം ഉൾപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *