അനധികൃത സ്വത്ത് ആരോപണത്തിൽ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ സിബിഐയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തി ആരോപണങ്ങൾ പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 17ന് ഹർജി പരിഗണിച്ചേക്കും.സിബിഐ സമർപ്പിച്ച മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജൂലൈ 20ന് അന്വേഷണത്തിലെ പുരോഗതി വിശദീകരിച്ച് സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെ നിയമവിരുദ്ധത വ്യക്തമാക്കുന്ന രേഖകളോ വിവരങ്ങളോ ലഭിച്ചാൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന് നിയമാനുസൃതമായി തുടർനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരായ അനധികൃത സ്വത്ത് ആരോപണങ്ങളിൽ സിബിഐയും ഇഡിയും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്.കർണാടക സ്വദേശിയും ബിജെപി പ്രവർത്തകനുമായ എസ്. വിഘ്‌നേഷ് ശിശിറാണ് ക്രിമിനൽ റിട്ട് ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചും വിഘ്‌നേഷ് നേരത്തെ ഹർജികൾ നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ നൽകിയ പരാതിയിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് നേരത്തെയുള്ള ഉത്തരവ് പാലിക്കുന്ന തരത്തിലുള്ളതല്ല സിബിഐ സമർപ്പിച്ച സത്യവാങ്മൂലമെന്നും അന്വേഷണത്തിലെ പുരോഗതി കൃത്യമായി വിശദീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ ന്യൂഡൽഹിയിലെ ആസ്ഥാനത്തെ ബന്ധപ്പെട്ട സോണിന്‍റെ ജോയിന്‍റെ ഡയറക്റ്ററോ മേധാവിയോ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി നേരിട്ട് പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് ഭാഗികമായി പരിഗണിച്ചതായി രേഖപ്പെടുത്തിയ കോടതി അടുത്ത വാദം ഓഗസ്റ്റ് 20ന് നിശ്ചയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *