കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത കേസിൽ പിതാവിനെതിരെ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് കേരള ഹൈക്കോടതി. 17 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 50 കാരന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.സ്വന്തം പിതാവിൽ നിന്നുതന്നെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായ പെൺകുട്ടിയുടെ ദാരുണമായ അവസ്ഥയാണ് കേസ് ചൂണ്ടികാണിക്കുന്നതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു. പ്രതിക്കെതിരെയുള്ള ആരോപണം അതീവ ഗുരുതരവും മുൻകൂട്ടി ആസൂത്രണം ചെയ്തുനടത്തിയ കുറ്റകൃത്യവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.”പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ നിയമപരമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് സാധിക്കില്ല. ക്രിമിനൽ നടപടികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പ്രായപൂർത്തിയാകാത്ത ഇരയുടെ മാതാപിതാക്കൾ ഉണ്ടാക്കുന്ന ഇത്തരം ഒത്തുതീർപ്പുകൾക്കോ കോടതിക്ക് പുറത്തുള്ള കരാറുകൾക്കോ നിയമസാധുത നൽകാൻ കഴിയില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിചാരണ നടത്താനുള്ള സംസ്ഥാനത്തിന്റെ ചുമതലയെക്കാൾ വലുതല്ല ഇത്തരം ഒത്തുതീർപ്പുകൾ,” എന്ന് കോടതി വ്യക്തമാക്കി.ആദ്യം പീഡന പരാതി നൽകിയ ഇരയുടെ അമ്മ, പിന്നീട് മകളുടെ താൽപ്പര്യങ്ങളും നന്മയും പൂർണ്ണമായും അവഗണിച്ച് കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയാണുണ്ടായതെന്നും, ‘വേലി തന്നെ വിള തിന്നുന്ന’ അവസ്ഥയാണിതെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനിടെ പലതവണകളായി 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് 50 കാരനെതിരായ കേസ്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് അവകാശമില്ല; മകളെ പീഡിപ്പിച്ച പിതാവിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
