കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങിയ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തമിഴ്‌നാട് സ്വദേശിയായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.തമിഴ്‌നാട് കടലൂർ ജില്ലയില്‍ വിരുദാചലം താലൂക്കില്‍ സാത്തുകുടല്‍ വില്ലേജില്‍ സ്ട്രീറ്റ് കോളനിയില്‍ പഴനിവേലിനെ (52) കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. തെങ്ങുകയറ്റ തൊഴിലാളിയായ ചേർത്തല താലൂക്കില്‍ തുറവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡില്‍ കിഴക്കേ നികാരത്തില്‍ (നികാരത്തില്‍ പുത്തൻതറ) ഉണ്ണികൃഷ്ണനെയാണ് (44) ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി-2 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.2024 ഓഗസ്റ്റ് അഞ്ചിന് രാത്രി ഏഴരയോടെ തുറവൂർ ക്ഷേത്രത്തിന് വടക്കുവശമുള്ള കടത്തിണ്ണയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പഴനിവേല്‍ സ്ഥിരമായി കിടന്നുറങ്ങുന്ന കടത്തിണ്ണയാണിത്. ഇവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് പ്രതി പഴനിവേലിനെ ഉപദ്രവിക്കുകയും തുടർന്ന് തന്റെ സഞ്ചിയില്‍ കരുതിയിരുന്ന വെട്ടരിവാളെടുത്ത് കഴുത്തിന് വെട്ടുകയുമായിരുന്നു. സംഭവദിവസം തന്നെ കുത്തിയതോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയമോഹനനാണ് കേസ് അന്വേഷിച്ച്‌ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ ഹാജരായി. സിവില്‍ പൊലീസ് ഓഫിസര്‍മാരായ മാത്യു, ആൻസണ്‍ എന്നിവർ പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *