ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍ സമർപ്പിച്ചു.പ്രഭാമണ്ഡലത്തില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച കാര്യം റിപ്പോർട്ടില്‍ അറിയിച്ചു. ഹർജി കോടതി പരിഗണിക്കുകയാണ്. എസ്‌ഐടിക്ക് നേതൃത്വം നല്‍കുന്ന എസ്പി എസ് ശശിധരൻ കോടതിയില്‍ ഹാജരായി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, കേസിൻ്റെ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി എസ്‌ഐടിക്ക് നിർദേശം നല്‍കിയിരുന്നു.കഴിഞ്ഞ ദിവസം എസ്‌ഐടി ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി പ്രഭാമണ്ഡലത്തിൻ്റെ അളവും തൂക്കവും പരിശോധിച്ചിരുന്നു. ഇതിന് സമീപത്തുള്ള കട്ടിളപ്പാളികളില്‍നിന്ന് ശേഖരിച്ച സാംപിള്‍ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന കാര്യത്തിലുള്ള റിപ്പോർട്ട് എസ്‌ഐടി സീല്‍ഡ് കവറില്‍ നല്‍കിയിട്ടുണ്ട്.തൊണ്ടിമുതല്‍ ഇല്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ പരിശോധനാ ഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും. ആദ്യം സ്വർണം പൂശിയപ്പോള്‍ പ്രഭാമണ്ഡലത്തിലും കട്ടിളപ്പാളിയിലും ദ്വാരപാലകരിലും എത്ര അളവില്‍ സ്വർണം ഉണ്ടായിരുന്നു എന്നും വർഷങ്ങള്‍ക്ക് ശേഷം അത് എത്ര അളവിലേക്ക് ചുരുങ്ങി എന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലമാണ് നിർണായകമാകുക.

Leave a Reply

Your email address will not be published. Required fields are marked *