കുറ്റപത്രത്തിന്റെ ഭാഗമായ എല്ലാ രേഖകളും പ്രതിക്ക് കാണാനുള്ള അവകാശമുണ്ട്; സുപ്രീം കോടതി

ന്യൂഡൽഹി: കുറ്റപത്രത്തിന്റെ ഭാഗമായ രേഖകൾ പ്രതിക്ക് നൽകാതിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. രേഖകൾ ഒളിച്ചുവെക്കുന്നത് പ്രതിയുടെ ന്യായമായ വിചാരണയ്ക്കുള്ള അവകാശത്തെ സാരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.രേഖകൾ നൽകാതിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 (Article 21) ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമായ ‘ന്യായമായ വിചാരണയ്ക്കുള്ള’ അവകാശത്തെ ഹനിക്കും.മുൻ റോ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സിബിഐ കേസിലാണ് വിധി. പ്രതി ആവശ്യപ്പെട്ട രേഖകൾ കേസിന് പ്രസക്തമല്ല എന്ന് സിബിഐ വാദിച്ചിരുന്നില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ളതാണ് എന്നതുകൊണ്ട് മാത്രം ഇവ നൽകാതിരിക്കാൻ കഴിയില്ല. സി.ആർ.പി.സി സെക്ഷൻ 207 (Section 207 of CrPC) തന്നെയും പോലീസ് റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പ്രതിക്ക് നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്.ദേശീയ സുരക്ഷയും നീതിയും തമ്മിലുള്ള സമതുലിതാവസ്ഥ പാലിക്കാമെന്ന് കോടതി പറഞ്ഞു. രണ്ട് മാസത്തിനകം ഈ രേഖകളുടെ ടൈപ്പ് ചെയ്ത പകർപ്പ് പ്രതിക്ക് നൽകാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു. ഈ രേഖകൾ കോടതി ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. പത്ര-ദൃശ്യ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ യാതൊരു കാരണവശാലും ഇത് പ്രചരിപ്പിക്കാൻ പാടില്ല. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം പ്രതി വിചാരണ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം എന്ന ഉപാധി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *