നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം: എസ്ഐടിക്ക് കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ എസ്ഐടിക്ക് കോടതിയുടെ രൂക്ഷ വിമർശനം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ചാണ് കോടതി വിമർശനം. റിപ്പോർട്ട് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനോയെന്ന് കോടതി ചോദിച്ചു. കേസിൽ എസ്ഐടി ഉദ്യോഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.റിപ്പോട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി പറഞ്ഞു.ഇന്ന് കോടതിയിൽ സമർപ്പിച്ച എസ്ഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇന്നലത്തെയും ഇന്നത്തെയും പത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. മർദ്ദ ദൃശ്യങ്ങളും കോടതി കണ്ടെന്നും തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈൻ്റ് ചെയ്‌തെന്നും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞുഗൺമാൻമാരുടെ ഭാഗത്ത് നിന്നുണ്ടായത് പെട്ടന്നുള്ള അക്രമം അല്ലെ?’ എന്നും കോടതി ചോദിച്ചു. മർദ്ദിച്ച പോലീസുകാർക്ക് മർദ്ദനമേറ്റവരോട് മുൻ വൈരാഗ്യം ഉണ്ടോ എന്നും കോടതി ചോദിച്ചു. ആക്രണത്തിൽ എന്തെങ്കിലും ലക്ഷ്യം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടോയെന്നും അവരെ ആക്രമിച്ചതിന്റെ കാരണങ്ങളിൽ എന്തെങ്കിലും തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. ജാമ്യം ലഭിക്കുക എന്നത് പ്രതികളുടെ ഭരണഘടനാ അവകാശമാണെന്നും നിയമം അന്ധനല്ലെന്നും കോടതി പറഞ്ഞു. എസ്ഐടി നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് കോടതി നിരീക്ഷണം.നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ ഇന്നലെ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്ഐ ടി രേഖപ്പെടുത്തിയത്. ഇത് അടക്കമുള്ള റിപ്പോർട്ടാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *