ചെന്നൈ: ഹിന്ദു ആചാരപ്രകാരം വിവാഹിതയായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. കരസേനാ ഉദ്യോഗസ്ഥനായ ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ജസ്റ്റിസ് പി. വടമലൈ ശരിവെച്ചു. വിവാഹമോചനത്തിനെതിരെ ഭാര്യ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യ ക്രിസ്തുമതം സ്വീകരിച്ചെന്നും താലിമാലയോ മറ്റ് ആഭരണങ്ങളോ അണിയാൻ വിസമ്മതിക്കുന്നുവെന്നും കാണിച്ച് ഭർത്താവാണ് ആദ്യം കോടതിയെ സമീപിച്ചത്. കൂടാതെ, തനിക്കെതിരേ തന്റെ മേലുദ്യോഗസ്ഥർക്ക് ഭാര്യ വ്യാജ പരാതികൾ നൽകിയതായും ഇയാൾ ഹർജിയിൽ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾ അംഗീകരിച്ച് തെങ്കാശി പ്രിൻസിപ്പൽ സബോർഡിനേറ്റ് കോടതി 2017-ൽ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. ഇതിനെതിരെ ഭാര്യ നൽകിയ അപ്പീൽ 2019-ൽ തെങ്കാശി അഡീഷണൽ ജില്ലാ ജഡ്ജിയും തള്ളിയതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നുമാണ് ഭാര്യ അപ്പീലിൽ വാദിച്ചത്. എന്നാൽ, ഭാര്യയുടെ മതമാറ്റം തനിക്ക് വലിയ മനോവിഷമമുണ്ടാക്കിയെന്നും മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതികൾ കാരണം ജോലിയിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. 1977-ലായിരുന്നു ഇവരുടെ വിവാഹം. മുതിർന്ന രണ്ട് മക്കളുമുണ്ട്.
‘ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത’; വിവാഹമോചനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി
