പ്രസവത്തിനായി ഭാര്യ സ്വന്തം വീട്ടില്‍ പോയി നിന്നു’; വിവാഹമോചനം വേണമെന്ന് ഭർത്താവ്, നിഷേധിച്ച് കോടതി

ചെന്നൈ: വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിന്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ ക്രൂരത കാട്ടിയെന്നും തന്നെ ഉപേക്ഷിച്ചു പോയെന്നും ആരോപിച്ച് ഭർത്താവ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി.വി കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കുടുംബ കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്.2012-ലായിരുന്നു ഇവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏഴു മാസങ്ങൾക്ക് ശേഷം ഭർത്താവ് സിംഗപ്പൂരിലേക്ക് പോയി. വിദേശത്തുനിന്ന് അയക്കുന്ന പണം മുഴുവൻ ഭർത്താവ് തന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. ഭാര്യയ്ക്ക് ജീവിക്കാൻ ആവശ്യമായ പണം നൽകാതിരുന്നത് കുടുംബത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായി.പണം നൽകാത്തതിനെത്തുടർന്നും ഗർഭകാല പരിചരണത്തിനായും ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിച്ചു. 2015-ൽ ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ കുഞ്ഞിനെ കാണാൻ തന്നെയും കുടുംബത്തെയും അനുവദിച്ചില്ലെന്നും ഭാര്യ തന്നെ ഉപേക്ഷിച്ചു പോയതാണെന്നും ആരോപിച്ചാണ് ഭർത്താവ് ആദ്യം കുടുംബ കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയായതിന് ശേഷമോ കുഞ്ഞിനെ പ്രസവിച്ചത് അറിയിച്ചിട്ടോ ഭർത്താവോ കുടുംബമോ തന്നെയോ കുട്ടിയെയോ വേണ്ടവിധം പരിചരിച്ചില്ലെന്ന് ഭാര്യ പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് താൻ ഒറ്റയ്ക്ക് കുട്ടിയെ പരിചരിച്ചിരുന്നതെന്ന് അവർ പറഞ്ഞു. തന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും കുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പൊലീസിൽ പരാതി നൽകിയതെന്നും ഭർത്താവിനെ ഉപേക്ഷിച്ചിട്ടില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.ഗർഭകാലത്തും പ്രസവശേഷവും ഭാര്യക്ക് മാതാപിതാക്കളോടൊപ്പം താമസിക്കാൻ മതിയായ ന്യായീകരണമുണ്ടെന്ന് കുടുംബ കോടതി കണ്ടെത്തി. വിവാഹശേഷവും ഭർത്താവ് അമ്മയ്ക്ക് മാത്രം പണം അയയ്ക്കുന്നത് തുടർന്നിരുന്നു, ഇത് ഭാര്യയിൽ സ്വാഭാവികമായും പരാതിയുണ്ടാക്കി എന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം നല്‍കുന്നതിന് മതിയായ കാരണങ്ങള്‍ ഇല്ലെന്നും കുടുംബ കോടതി കണ്ടെത്തി. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു പതിറ്റാണ്ടോളമായി തങ്ങള്‍ വേർപിരിഞ്ഞ് താമസിക്കുകയാണെന്നും വിവാഹം പൂർണമായും തകർന്നുവെന്നും ഭർത്താവ് ഹൈക്കോടതിയിൽ വാദിച്ചു. ഭാര്യ ഒരിക്കലും ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഒരു ഹരജിയും ഫയൽ ചെയ്തിട്ടില്ലെന്നും അതിനാൽ ദാമ്പത്യ ജീവിതം പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹൈക്കോടതിയും കുടുംബ കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിവെക്കുകയായിരുന്നു.വിവാഹശേഷം ഒരു പുരുഷൻ തന്റെ ഭാര്യയുടെ പദവി അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. സമ്പാദ്യത്തിന്റെ ഒരു ഭാഗമെങ്കിലും അമ്മയ്ക്ക് നൽകുന്നതിനൊപ്പം ഭാര്യയ്ക്കും നൽകണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ഒരു സ്ത്രീ സ്വന്തം വീട്ടിൽ പോയി താമസിക്കുന്നത് ഭർത്താവിനെ ഉപേക്ഷിക്കലായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.പ്രസവം കഴിഞ്ഞയുടൻ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭർത്താവ് ഉന്നയിച്ച ആരോപണങ്ങളും കോടതി തള്ളി. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു സ്ത്രീക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളും വിവാഹമോചനത്തിനുള്ള കാരണങ്ങളല്ലെന്നും അവ ജീവിതത്തിലെ ചെറിയ പോറലുകൾ മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു.ഭാര്യയെയും കുഞ്ഞിനെയും സാമ്പത്തികമായി സംരക്ഷിക്കുന്നതിൽ ഭർത്താവ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം തെറ്റുകൾ മറച്ചുവെക്കാൻ ഭാര്യയുടെ മേൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച് ഭർത്താവിന്റെ അപ്പീൽ പൂർണ്ണമായും തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *