തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം പദ്ധതി’യുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറികള്‍ക്ക് മോതിര വിതരണ കരാർ നല്‍കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചെന്നൈ സ്വദേശി സമർപ്പിച്ച ഹർജി നിരാകരിച്ചത്.സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 1 ഗ്രാം സ്വർണ്ണമോതിരം വിതരണം ചെയ്യുന്ന പദ്ധതിക്കായി 4,41,667 മോതിരങ്ങളാണ് സർക്കാർ സംഭരിക്കുന്നത്. പണിക്കുലി, പാക്കിംഗ്, ട്രാൻസ്പോർട്ടേഷൻ, ഇൻഷുറൻസ് തുടങ്ങിയ ചെലവുകള്‍ക്ക് 0.01 പൈസ എന്ന അസാധാരണ കുറഞ്ഞ നിരക്കാണ് ലേലത്തില്‍ വാഗ്ദാനം ചെയ്തത്. 70:30 എന്ന അനുപാതത്തില്‍ ഇരു കമ്പനികള്‍ക്കുമായി കരാർ വിഭജിച്ചു നല്‍കുകയായിരുന്നു.കുറഞ്ഞ നിരക്കില്‍ സ്വർണ്ണമോതിരം ലഭ്യമാകുന്നത് സർക്കാരിന് നേട്ടമാണെന്ന് കോടതി നിരീക്ഷിച്ചു. ബിസിനസ്സ് തന്ത്രങ്ങളുടെയും ലാഭവിഹിതം കുറയ്ക്കുന്നതിന്റെയും ഭാഗമായി വ്യാപാരികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും, ടെൻഡറില്‍ പങ്കെടുക്കാത്ത ഹർജിക്കാരന് ഇതില്‍ എന്ത് പൊതുതാല്‍പ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. തമിഴ്നാട് മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ സംഭരണ ചുമതല. കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള ഉല്‍പ്പന്നം ലഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഗുണകരമാണെന്ന വിലയിരുത്തലിലാണ് കോടതി ഹർജി തള്ളിയത്.
തായ്മാമൻ തങ്ക മോതിരം പദ്ധതി: വിതരണ കരാര്‍ നല്‍കിയത് ചോദ്യംചെയ്ത് കൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
