2 കോടി ആവശ്യപ്പെട്ട് ബിജെപി നേതാവിന്‍റെ മാനനഷ്ടക്കേസ്; സിജെപി നേതാക്കള്‍ക്ക് ദില്ലി ഹൈക്കോടതി നിര്‍ദേശം

ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ സിജെപി നേതാക്കള്‍ക്ക് ദില്ലി ഹൈക്കോടതി നിർദേശം.സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർ വസ്തുത പരിശോധിക്കാതെ ഗൗരവ് ഭാട്ടിയക്കെതിരെ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാല്‍ നിരീക്ഷിച്ചു. സെപ്റ്റംബർ അഞ്ചിന് എക്സില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങള്‍ അദ്ദേഹത്തിന്‍റേതായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം.പോസ്റ്റ് എഐ ഉപയോഗിച്ച്‌ തയ്യാറാക്കിയതാണെന്നും ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജ പ്രസ്താവന പ്രചരിപ്പിച്ചെന്നും ഹർജിയില്‍ പറയുന്നു. ഒരു പോസ്റ്റ് ഇതിനകം നീക്കം ചെയ്തതായി സിജെപി നേതാക്കള്‍ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ നീക്കം ചെയ്യാൻ തയ്യാറാണോ എന്ന് പരിശോധിച്ച്‌ അറിയിക്കാൻ കോടതി നിർദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *