ന്യൂഡല്‍ഹി: യുഎപിഎ കേസുകളിലെ കുറ്റങ്ങളുടെ ഗൗരവം മാത്രം കണക്കിലെടുത്ത് ഒരാളുടെ വിദേശയാത്രയ്ക്കുള്ള മൗലികാവകാശത്തിന്മേല് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വിദേശയാത്രയ്ക്കുള്ള അവകാശമെന്നും, കുറ്റങ്ങളുടെ സ്വഭാവം മാത്രം നോക്കി അത് യാന്ത്രികമായി നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ വ്യക്തമാക്കി. 2020ലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ആക്ടിവിസ്റ്റ് നതാഷ നര്‍വാള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
2023 മുതല്‍ യുകെയിലെ വാര്‍വിക്ക് സര്‍വകലാശാലയില്‍ ഓണ്‍ലൈനായി പിഎച്ച്ഡി ചെയ്യുന്ന തനിക്ക് ലണ്ടനിലെ SOAS കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനും ഗൈഡുകളെ നേരിട്ട് കാണുന്നതിനും ഈ യാത്ര അനിവാര്യമാണെന്ന് നതാഷ വാദിച്ചു. വിദേശയാത്രയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ആവര്‍ത്തിച്ച കോടതി, ഓണ്‍ലൈന്‍ വഴിയുള്ള പിഎച്ച്ഡി ഗവേഷണത്തിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി. വാര്‍വിക്ക് സര്‍വകലാശാലയിലെ ഗൈഡുകളുടെ കത്ത് പരിശോധിച്ച കോടതി, ക്യാമ്പസില്‍ നേരിട്ടെത്തുന്നതും ബ്രിട്ടീഷ് ലൈബ്രറി പോലുള്ള ആര്‍ക്കൈവുകള്‍ ഉപയോഗിക്കുന്നതും ലണ്ടനിലെ SOAS കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കുന്നതും ഗവേഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ കുറ്റപത്രം ചുമത്തിയിട്ടില്ലാത്തതിനാല്‍ വിചാരണ പൂര്‍ത്തിയാകാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2020-ലും 2021-ലും ജാമ്യം ലഭിച്ചതുമുതല്‍ ഹരജിക്കാരി യാതൊരു ജാമ്യവ്യവസ്ഥകളും ലംഘിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. ഹരജിക്കാരിയുടെ അടുത്ത കുടുംബാംഗങ്ങള്‍ ഡല്‍ഹി മേഖലയില്‍ തന്നെയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിദേശത്ത് അഭയം തേടുമെന്ന സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ യാത്ര പൂര്‍ണ്ണമായി നിരോധിക്കുന്നതിന് പകരം കര്‍ശനമായ സത്യവാങ്മൂലവും ആള്‍ജാമ്യവും ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.
