മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസില്‍ അഗസ്റ്റിൻ സഹോദരങ്ങള്‍ നല്കിയ ഹർജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി.ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നും കേസ് വയനാട്ടിലേക്ക് മാറ്റണമെന്നുമുള്ള റോജി അഗസ്റ്റിൻ്റെ ഹർജി സുപ്രീം കോടതി അംഗീകരിച്ചു. രണ്ട് കേസും ഒരേ കോടതിയില്‍ വിചാരണ നടത്താൻ സുപ്രീം കോടതി നിർദേശം നല്കി. ഇതോടെ മുട്ടില്‍ മരംമുറിയില്‍ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചനാകേസും പരിഗണിക്കും.വയനാട്ടില്‍ നിന്ന് മുറിച്ചു കടത്തിയ മരങ്ങള്‍, വില്ക്കാൻ പാസ് ഉണ്ടെന്ന് കാണിച്ച്, തടി വ്യവസായി അലിയാർക്ക് വിറ്റിരുന്നു. തുടർന്ന് അലിയാർ നല്കിയ വഞ്ചന കേസില്‍ അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വിചാരണയാണ് വയനാട്ടിലേക്ക് ഇപ്പോള്‍ മാറ്റിയത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിനാണ്. സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ ചോറ്റാനിക്കരയിലെ കേസ് വയനാട്ടിലേക്ക് മാറ്റും.
മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: ചോറ്റാനിക്കര കോടതിയില്‍ നിന്ന് വയനാട്ടിലേക്ക് മാറ്റാൻ സുപ്രീം കോടതി നിര്‍ദേശം
