കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. ഇരു ഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായ ശേഷമാണ് കോടതി ഹര്‍ജിയില്‍ ഉത്തരവ് പിന്നീട് പ്രഖ്യാപിക്കാമെന്ന് അറിയിച്ചത്.ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടു. കേസില്‍ നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന സന്ദേശം നല്‍കുമെന്നും അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷനും പ്രതികളുടെ ആവശ്യം എതിര്‍ത്തു. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ ശിക്ഷ മരവിപ്പിക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ഒന്നാം പ്രതിയായ പള്‍സര്‍ സുനി കൊടുംക്രിമിനലാണെന്നും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ നല്‍കിയതിന് കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സുപ്രിംകോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങി ഒരു മാസം തികയുംമുമ്പ് തന്നെ മറ്റൊരു കേസില്‍ പ്രതിയായിരുന്നുവെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ വിശദമായി കേട്ട ഹൈക്കോടതി ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തില്‍ കോടതി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കും.
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി
