ന്യൂഡൽഹി: കോടതി നടപടികളിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനായി സുപ്രീം കോടതി തയാറാക്കിയ ‘റെഗുലേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഇൻ കോർട്ട്സ്, 2026’ എന്ന കരട് മാർഗരേഖ പുറത്ത്. ഇത് സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമ പരിഷ്കാരങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ കാലയളവിൽ പുറത്തിറങ്ങിയ ഈ കരട് കേവലം ഒരു സാങ്കേതിക നയം എന്നതിലുപരി ആഗോളതലത്തിൽ തന്നെ കോടതികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ വെല്ലുവിളിക്കുള്ള മറുപടിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തുമ്പോഴും, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും നീതിനിർവഹണത്തെയും അത് ബാധിക്കാതെ എങ്ങനെ മുന്നോട്ട് പോകാം എന്നതാണ് ഈ മാർഗരേഖയിലൂടെ സുപ്രീം കോടതി പരിശോധിക്കുന്നത്.എ.ഐ ഉപയോഗിക്കുമ്പോൾ ‘മനുഷ്യന് മുൻഗണന’നൽകണമെന്നതാണ് ഈ കരടിലെ ഏറ്റവും പ്രധാനപ്പെട്ട തത്വം. നിയമപരമായ ചോദ്യങ്ങൾക്കും നീതിനിർവഹണത്തിനും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം എപ്പോഴും ജഡ്ജിമാരിൽ തന്നെ നിലനിൽക്കുമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വിധികർത്താവാകാൻ കഴിയില്ല. ചില വിദേശ രാജ്യങ്ങളിൽ ജാമ്യം നൽകുന്നതിനും കുറ്റകൃത്യങ്ങളുടെ ആവർത്തന സാധ്യത പ്രവചിക്കുന്നതിനും എ.ഐ ഉപയോഗിക്കുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സുപ്രീം കോടതി ഇത്തരം സാധ്യതകളെ കർശനമായി തള്ളിക്കളയുന്നു. എ.ഐ-യെ ഒരു സഹായിയായി മാത്രമേ കാണാവൂ എന്നും അത് നൽകുന്ന വിവരങ്ങൾ ജഡ്ജിമാർ സ്വന്തം നിലക്ക് പരിശോധിക്കണമെന്നും കരട് അനുശാസിക്കുന്നു.നിയമ ഗവേഷണം, കോടതിയിലെ വാദങ്ങൾ സംഗ്രഹിക്കൽ, വിവർത്തനം, നടപടികളുടെ ലിപി തയാറാക്കൽ, കോടതി ഷെഡ്യൂൾ ക്രമീകരിക്കൽ തുടങ്ങിയ മേഖലകളിൽ എ.ഐ ഉപയോഗിക്കുന്നതിനെ മാർഗരേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, വ്യക്തികളെ പ്രൊഫൈൽ ചെയ്യാനോ, ഭാവിയിലെ പെരുമാറ്റം പ്രവചിക്കാനോ, സാക്ഷികളുടെ വിശ്വാസ്യത പരിശോധിക്കാനോ എ.ഐ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രവർത്തനം സുതാര്യമായിരിക്കണം. എങ്ങനെയാണ് ഒരു നിഗമനത്തിൽ എത്തിയതെന്ന് വിശദീകരിക്കാൻ കഴിയാത്ത സംവിധാനങ്ങൾ നിയമപരമായ കാര്യങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കില്ല.ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം അഭിഭാഷകർ ഫയൽ ചെയ്യുന്ന രേഖകളിൽ എ.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമായി വെളിപ്പെടുത്തണം എന്നതാണ്. എ.ഐ സംവിധാനങ്ങൾ വ്യാജമായ കോടതി വിധികൾ നിർമിക്കുന്നതടക്കമുള്ള ആഗോള പ്രശ്നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശം. എ.ഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റായ രേഖകൾ ഹാജരാക്കിയാൽ അതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും അഭിഭാഷകനോ പരാതിക്കാരനോ ആയിരിക്കും. അല്ലാതെ എ.ഐ ചെയ്ത തെറ്റാണെന്ന് പറഞ്ഞ് ആർക്കും ഒഴിയാനാകില്ല.ഈ മാർഗരേഖ നടപ്പിലാക്കുന്നതിനായി ദേശീയ തലത്തിൽ ഒരു സ്ഥിരം സമിതിയെയും, അതോടൊപ്പം ഹൈക്കോടതികൾക്ക് കീഴിൽ പ്രത്യേകം എ.ഐ സമിതികളെയും വിഭാവനം ചെയ്തിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിന് മുൻപ് അവയുടെ സുരക്ഷയും വിശ്വാസ്യതയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ചുരുക്കത്തിൽ, സാങ്കേതികവിദ്യയുടെ വളർച്ചയെ സ്വീകരിക്കുമ്പോഴും, നീതിനിർവഹണം എന്നത് ഒരു മനുഷ്യന്റെ കടമയാണെന്നും അതിൽ വീഴ്ച വരുത്താൻ അനുവദിക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് സുപ്രീം കോടതി ഈ മാർഗരേഖയിലൂടെ നൽകുന്നത്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷം ഇത് അന്തിമമായി നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയുടെ നീതിന്യായ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് ഇത് തുടക്കം കുറിക്കുക
കോടതികളിൽ ‘നിർമിത ബുദ്ധി’ ഉപയോഗിക്കുന്നതിനായുള്ള സുപ്രീം കോടതിയുടെ കരട് മാർഗരേഖകൾ പുറത്ത്
