ചെയ്യാത്ത കുറ്റത്തിന് രണ്ട് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന യുവാവിന് ഒടുവിൽ കോടതിയിൽ നിന്നും നീതി. 17 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന പോക്സോ കേസിൽ ജയിലിലായിരുന്ന കല്ലിപ്പട്ടി സ്വദേശി എസ്. കാർത്തി(32)യെയാണ് സേലത്തെ പോക്സോ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കിയത്. ഡിഎൻഎ (DNA) പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത് കാർത്തിയല്ലെന്ന് തെളിഞ്ഞത്.2024 സെപ്റ്റംബറിലാണ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേട്ടൂർ പോലീസ് കാർത്തിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ താൻ നിരപരാധിയാണെന്ന് കാർത്തി പോലീസിനോട് ആവർത്തിച്ചു പറഞ്ഞിട്ടും ഫലമുണ്ടായില്ല. പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.കഴിഞ്ഞ രണ്ട് വർഷമായി സേലം സെൻട്രൽ ജയിലിലായിരുന്ന കാർത്തി ഇതിനിടയിൽ ഒരിക്കൽ പോലും ജാമ്യത്തിനായി ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ നിരപരാധിത്വം നിയമപരമായി തെളിയിച്ചതിന് ശേഷം മാത്രമേ ജയിലിന് പുറത്തിറങ്ങൂ എന്ന ഉറച്ച നിലപാടിലായിരുന്നു ഈ യുവാവ്. ഇതിനായി കാർത്തി തന്നെ മുൻകൈ എടുത്ത് കോടതിയുടെ അനുമതിയോടെ ഡിഎൻഎ പരിശോധനയ്ക്ക് അപേക്ഷിക്കുകയായിരുന്നു.കോടതി നിർദേശപ്രകാരം കാർത്തിയുടെയും, പരാതിക്കാരിയായ പെൺകുട്ടിയുടെയും, കുഞ്ഞിന്റെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചു. ഇതിന്റെ ഫലം വന്നപ്പോഴാണ് കുഞ്ഞിന്റെ അച്ഛൻ കാർത്തിയല്ലെന്ന് വ്യക്തമായത്. ഇതോടെ കോടതി കാർത്തിയെ തടവിൽ നിന്നും മോചിപ്പിക്കാൻ ഉത്തരവിട്ടു.യഥാർത്ഥത്തിൽ കുറ്റം ചെയ്ത മറ്റാരെയോ സംരക്ഷിക്കാൻ വേണ്ടിയാണ് പെൺകുട്ടി കാർത്തിക്കെതിരെ വ്യാജ പരാതി നൽകിയതെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.”ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമത്തിന് മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കണം എന്നതുകൊണ്ടാണ് ഞാൻ ജാമ്യത്തിന് പോലും ശ്രമിക്കാതിരുന്നത്. ഇപ്പോൾ സത്യം ജയിച്ചിരിക്കുന്നു. ഇനി എനിക്ക് എന്റെ നാട്ടിലേക്ക് തലയുയർത്തിത്തന്നെ മടങ്ങാം,” വിധിക്ക് ശേഷം വൈകാരികമായി കാർത്തി പ്രതികരിച്ചു.
പെൺകുട്ടിയെ ഗർഭിണിയാക്കിയത് മറ്റൊരാൾ; രണ്ട് വർഷം ജയിലിൽ കിടന്ന യുവാവിനെ കോടതി വെറുതെ വിട്ടു
