കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ചില ഉള്ളടക്കങ്ങൾ ‘അധിക്ഷേപകരമാണെന്ന്’ കണ്ടെത്തിയതായി വ്യക്തമാക്കിയാണ് പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജി കോടതി തള്ളിയത്.അഭിജീത് ദിപ്കെയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഖിൽ സിബൽ സി.ജെ.പിയുടെ എക്സ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. അധിക്ഷേപകരമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട ചില പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത് നിർത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സമാനമായ മറ്റ് കേസുകളിൽ കോടതികളിൽ നിന്ന് മുൻപ് ഇടക്കാല ആശ്വാസം ലഭിച്ചിട്ടുണ്ടെന്ന് വാദത്തിനിടെ സിബൽ ചൂണ്ടിക്കാട്ടി.എന്നാൽ, മറ്റ് കേസുകളും ഈ കേസും തമ്മിൽ ചെറിയ വ്യത്യാസമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ കേസിൽ അക്കൗണ്ടിലെ പ്രവർത്തനങ്ങൾ മൊത്തത്തിൽ തന്നെ ഒരു പരിധി വരെ അധിക്ഷേപകരമാണെന്നാണ് കാണാൻ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി. കേസിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്നും കേന്ദ്ര സർക്കാരിന്റെയും എക്സ് പ്ലാറ്റ്‌ഫോമിന്റെയും വാദങ്ങൾ കേട്ട ശേഷമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂ എന്നും ഹൈക്കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *