കെ.ജി ബേസിൻ തർക്കം: മധ്യസ്ഥതയ്ക്കായി കേന്ദ്ര സർക്കാരിന് കത്തയക്കുമെന്ന് റിലയൻസും മറ്റ് രണ്ട് കമ്പനികളും സുപ്രീം കോടതിയെ അറിയിച്ചു

ഡല്‍ഹി: കൃഷ്ണാ-ഗോദാവരി ബേസിനിലെ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മറ്റ് രണ്ട് വിദേശ കമ്പനികളും സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പാന്‍ചോലി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ബുധനാഴ്ച കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.’ഹര്‍ജിക്കാരെല്ലാം ചേര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഇന്ന് തന്നെ കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. ഈ കേസില്‍ മധ്യസ്ഥതയ്ക്കുള്ള ഒരു ശ്രമം നടത്താന്‍ ഞങ്ങളെ അനുവദിക്കണം,’ കമ്പനികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരമോന്നത കോടതിയോട് അഭ്യര്‍ത്ഥിച്ചു. മധ്യസ്ഥ ചര്‍ച്ചകളില്‍ ഒരു തീരുമാനമാകുന്നത് വരെ കേസ് പരിഗണിക്കുന്നത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എന്നിരുന്നാലും, കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കേസിന്റെ വാദം കേള്‍ക്കലുമായി മുന്നോട്ട് പോകാന്‍ കോടതിയോട് ആവശ്യപ്പെട്ടു.’ഇതിനിടയില്‍ മധ്യസ്ഥതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതിയുണ്ടായാല്‍ അത് കോടതിയെ അറിയിക്കാം,’ അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാദം കേള്‍ക്കുന്നത് തടയാന്‍ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ച്, ചര്‍ച്ചകളുടെ ഫലം പിന്നീട് കോടതിയെ അറിയിക്കാന്‍ കക്ഷികളോട് നിര്‍ദ്ദേശിച്ചു.’മധ്യസ്ഥ ചര്‍ച്ചകള്‍ വിജയകരമാവുകയാണെങ്കില്‍ അത് വളരെ സന്തോഷമുള്ള കാര്യമാണ്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഈ കേസ് അപ്പോള്‍ തന്നെ തീര്‍പ്പാക്കാം,’ സുപ്രീം കോടതി വ്യക്തമാക്കി.കെ.ജി ബേസിന്‍ വാതക തര്‍ക്കത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വന്ന ആര്‍ബിട്രേഷന്‍ അവാര്‍ഡ് റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ റിലയന്‍സും പങ്കാളികളും നല്‍കിയ അപ്പീലുകളില്‍ മെയ് 19 മുതല്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബി.പി എക്‌സ്‌പ്ലൊറേഷന്‍ (ആല്‍ഫ) ലിമിറ്റഡ്, നികോ ലിമിറ്റഡ് എന്നീ കമ്പനികളാണ് ഡല്‍ഹി ഹൈക്കോടതിയുടെ 2025 ഫെബ്രുവരി 14-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് അനുകൂലമായ ആര്‍ബിട്രേഷന്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്.തങ്ങള്‍ക്ക് അവകാശമില്ലാത്ത സ്ഥലത്തുനിന്നും റിലയന്‍സും പങ്കാളികളും വാതകം ചോര്‍ത്തിയെന്ന് ആരോപിച്ച് ഭാരത സര്‍ക്കാര്‍ ആവശ്യപ്പെട്ട 1.55 ബില്യണ്‍ യു.എസ് ഡോളറിന്റെ (ഏകദേശം 155 കോടി ഡോളര്‍) നഷ്ടപരിഹാര ക്ലെയിം 2018 ജൂലൈയില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ തള്ളിയിരുന്നു.മൂന്നംഗ ആര്‍ബിട്രേഷന്‍ പാനല്‍ 2-1 എന്ന ഭൂരിപക്ഷത്തില്‍ റിലയന്‍സിനും പങ്കാളികള്‍ക്കും അനുകൂലമായി വിധി പ്രസ്താവിക്കുകയും, അവര്‍ക്ക് 8.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *