എറണാകുളം: തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുളിങ്കുടി കടൽത്തീരത്തെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിഐഎസ്എൽ) നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്.കടൽത്തീരത്തെ നിർമ്മാണ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് തിരുവനന്തപുരം സ്വദേശിയായ ബെനഡിക്റ്റ് എ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിരുന്നില്ല. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (എവിപിപിഎൽ) ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അവ്യക്തതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യം കുമാർ വിഎം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.കടൽത്തീരത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അതോറിറ്റികളിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം മന്ത്രാലയം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ആവശ്യമായ എല്ലാ രേഖകൾ സഹിതം ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഈ റിപ്പോർട്ട് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സമർപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് കേസ് നവംബർ 25 ലേക്ക് മാറ്റിവച്ചു.മൂന്നാം എതിർകക്ഷിയായ കേരള കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോറിറ്റി സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആറാം ഖണ്ഡികയിലെ പ്രസ്താവനകളെ കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ പരാമർശിച്ചിരിക്കുന്ന പുളിങ്കുടി കടൽത്തീരത്തെ നിർമാണ പ്രവർത്തനങ്ങൾ വിഐഎസ്എല്ലിൻ്റെ നിലവിലുള്ളതോ നിർദേശിക്കപ്പെട്ടതോ ആയ മാസ്റ്റർ പ്ലാനിൻ്റ ഭാഗമല്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതിയിൽ ഈ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിൽ തുടർന്നുണ്ടാകുന്ന എല്ലാ പ്രവർത്തനവും പരിസ്ഥിതിയെയും തീരപ്രദേശങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രാഥമികമായി കരുതേണ്ടിയിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ ഹർജിക്കാരനായ ബെനഡിക്ട് എയുടെയും എല്ലാ എതിർകക്ഷികളുടെയും സാന്നിധ്യത്തിൽ ഒരു സംയുക്ത പരിശോധന നടത്താനും കോടതി നിർദേശിച്ചു. അതേസമയം, ആവശ്യമായ പഠനങ്ങൾ നടത്താതെ വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ചും മറ്റും തീരപ്രദേശം രൂപമാറ്റം വരുത്തുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവന്നത്. ഇത് അവിടുത്തെ സവിശേഷമായ കടലോര ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നുള്ളതായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
പുളിങ്കുടി കടൽത്തീര പ്രവർത്തനങ്ങൾക്ക് താത്കാലിക വിലക്ക്; പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിയില്ലെന്ന് ഹൈക്കോടതി
