സ്തനാർബുദ ചികിത്സയ്ക്ക് മരുന്ന്: ആശുപത്രികളുടെ നിലപാട് തേടി കോടതി

കൊച്ചി: സ്തനാർബുദ ചികിത്സയ്ക്ക് കുറഞ്ഞ വിലയുള്ള പാൽബൊസിക്ലിബ് എന്ന മരുന്ന് ഉപയോഗിക്കാനാകുമോയെന്ന് അറിയിക്കാൻ ഡൽഹി എയിംസിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കോൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കു ഹൈക്കോടതി നിർദേശം.റിബോസിക്ലിബ് എന്ന വിലകൂടിയ മരുന്ന് ഉപയോഗിക്കുന്നതുമൂലം ഒരു മാസത്തെ ചികിത്സയ്ക്കായി 58,000 രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണു ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഇതുസംബന്ധിച്ച് നിലപാട് തേടുന്നത്.ചികിത്സിക്കുന്ന ഡോക്ടറാണ് മരുന്ന് ഉപയോഗ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററും (ആർസിസി) പാൽബൊസിക്ലിബ് മരുന്ന് റിബോസിക്ലിബിനു പകരമായി ഉപയോഗിക്കാനാകില്ലെന്ന് കോടതി ചമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് കോടതി ദേശീയസ്ഥാപനങ്ങളുടെ നിലപാടുകൂടി ആരായുന്നത്.സ്തനാർബുദ ബാധിതയായ സ്ത്രീ നൽകിയ ഹർജി അവരുടെ മരണത്തെത്തുടർന്ന് കോടതി സ്വമേധയാ പരിഗണിക്കുകയാണ്. കേസിൽ കക്ഷിചേരാനുള്ള മലപ്പുറം സ്വദേശിനിയായ രോഗബാധിതയുടെ അപേക്ഷ കോടതി അനുവദിച്ചു. ഹർജി വീണ്ടും സെപ്റ്റംബർ മൂന്നിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *