ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത തിരംഗ പ്രതിഷേധം മൂലം വ്യാപാര സ്ഥാപനങ്ങൾ അന്യായമായി അടച്ചിടേണ്ടി വന്നിട്ടുണ്ടെങ്കിൽ വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സുപ്രീം കോടതി. ഡൽഹി കിരാന കമ്മിറ്റിയും ഡൽഹി അയൺ ആൻഡ് ഹാർഡ്വെയർ മെർച്ചന്റ് അസോസിയേഷനും നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക പരാമർശം.പ്രതിഷേധങ്ങൾ കാരണം വ്യാപാരികൾക്ക് പ്രതിദിനം 200 മുതൽ 250 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജയ് അനന്ത് ദെഹദ്രായ് ആവശ്യപ്പെട്ടു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടാൻ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി) വ്യാഴാഴ്ച രാത്രി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിനാൽ ഇപ്പോൾ ഇടപെടില്ലെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. തങ്ങളുടെ ഹർജി വ്യത്യസ്ത വിഷയമാണെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. “ഇതിൽ വ്യത്യാസമൊന്നുമില്ല, എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾക്ക് പ്രതിഷേധിക്കണം, മറ്റൊരാൾക്ക് കപ്പലണ്ടി വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം പാലിക്കണം—ഇവയെല്ലാം പരസ്പരബന്ധിതമാണ്,” ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.ഉത്സവ സീസൺ അടുത്തെത്തിയതിനാൽ വ്യാപാരികൾ വലിയ ആശങ്കയിലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ദസറ അവധിക്ക് ശേഷം ഒക്ടോബർ 26-ന് കോടതി വീണ്ടും തുറക്കുമ്പോൾ മാത്രമേ കേസ് പരിഗണിക്കാൻ സാധിക്കൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കർവാ ചൗത്ത്, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ വിഷയം ഉടൻ പരിഗണിക്കണമെന്ന് അഭിഭാഷകൻ വീണ്ടും കോടതിയോട് ആവശ്യപ്പെട്ടു.
സാഹചര്യം ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാവരിലും നല്ല ബോധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുകിട കച്ചവടക്കാരും വഴിയോരക്കച്ചവടക്കാരും ഈ ദിവസങ്ങളിലാണ് അവരുടെ ഉപജീവനം കണ്ടെത്തുന്നത് എന്ന് ഞങ്ങൾക്കറിയാം. കുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ബോധ്യമുണ്ട്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.വ്യാപാര നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അത് നിങ്ങളുടെ കക്ഷികളോട് ചെയ്ത അന്യായമാണെന്നും കണ്ടെത്തിയാൽ ഭരണഘടനാപരമായ നഷ്ടപരിഹാര അധികാരങ്ങൾ ഉപയോഗിച്ച് കോടതി നടപടിയെടുക്കും എന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. എൻ.ഡി.എം.സിയുടെ ഉത്തരവ് ആനുപാതികമല്ലാത്ത നിയന്ത്രണമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ കോടതിക്ക് പര്യാപ്തമായ അധികാരമുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേർത്തു
